കൊൽക്കത്ത ബലാത്സംഗ കേസ്; മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് നവീകരണം നടത്താൻ പ്രിൻസിപ്പൽ നിർദേശം നൽകി

ജോലി ആരംഭിച്ച ഉടനെ ആശുപത്രി വളപ്പിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധമുണ്ടായതോടെ നവീകരണം തടസ്സപ്പെട്ടു.

കൊൽക്കത്ത ബലാത്സംഗ കേസ്; മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് നവീകരണം നടത്താൻ പ്രിൻസിപ്പൽ നിർദേശം നൽകി
കൊൽക്കത്ത ബലാത്സംഗ കേസ്; മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് നവീകരണം നടത്താൻ പ്രിൻസിപ്പൽ നിർദേശം നൽകി

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ നിർണായക കണ്ടെത്തൽ. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തതിനു പിറ്റേന്ന് കുറ്റകൃത്യം നടന്ന സ്ഥലത്തിനോടു ചേർന്നുള്ള ഭാഗം നവീകരിക്കാൻ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് നിർദേശം നൽകിയതായി സിബിഐ കണ്ടെത്തി. ഇക്കാര്യം ആവശ്യപ്പെട്ടു സന്ദീപ് ഘോഷ് പൊതുമരാമത്ത് വകുപ്പിനാണ് (പിഡബ്ല്യുഡി) നിർദേശം നൽകിയത്.

ഓഗസ്റ്റ് 9ന് രാവിലെയാണ് ആശുപത്രി വളപ്പിലെ സെമിനാർ ഹാളിൽനിന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സെമിനാർ ഹാളിനോടു ചേർന്നുള്ള മുറിയിലും ശുചിമുറിയിലും നവീകരണ പ്രവൃത്തികൾ നടത്താൻ പിഡബ്ല്യുഡിക്ക് സന്ദീപ് ഘോഷ് അനുമതി കത്ത് നൽകിയിരുന്നു. ഈ രേഖ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തെന്നു സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

Also Read: ഉന്നത ഉദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനംചെയ്തു; ​കൊല്ലപ്പെട്ട വനിതാഡോക്ടറുടെ കുടുംബം

നവീകരണം പൂർത്തിയാക്കാൻ സന്ദീപ് ഘോഷ് താൽപ്പര്യപ്പെട്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ജോലി ആരംഭിച്ച ഉടനെ ആശുപത്രി വളപ്പിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധമുണ്ടായതോടെ നവീകരണം തടസ്സപ്പെട്ടു. മെഡിക്കൽ കോളജിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിലാണ്.

2021 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ പ്രിൻസിപ്പലായിരുന്നു. 2023 ഒക്ടോബറിൽ സ്ഥലം മാറ്റിയെങ്കിലും ഒരുമാസത്തിനുള്ളിൽ തിരിച്ചെത്തി. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് ഘോഷ് മെ‍ഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ പദവിയിൽ തുടർന്നു.

Top