കൊല്‍ക്കത്ത: പി.ജി. ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയില്‍ നേരത്തെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് ആണ് നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നത്. സംഭവദിവസം ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെഡിക്കല്‍ കോളേജില്‍ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായത്.
അറസ്റ്റിലായ സഞ്ജയ് റോയ് പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയിരുന്നു. ഇതിനാല്‍ത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിക്കാനും ഇയാള്‍ക്ക് തടസ്സങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെത്തിയ ഇയാള്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുംചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ മറ്റുഡോക്ടര്‍മാരാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.