അർബുദം സ്ഥിരീകരിച്ച നാളുകളെക്കുറിച്ചും രോഗവുമായുള്ള പോരാട്ടത്തേക്കുറിച്ചും തുറന്നുപറഞ്ഞ് കൊറിയൻ നടൻ കിം വൂ ബിൻ രംഗത്ത്. നെറ്റ്ഫ്ളിക്സിനുവേണ്ടിയുള്ള തന്റെ പുതിയ ചിത്രമായ ഓഫീസർ ബ്ലാക്ക് ബെൽറ്റിന്റെ പ്രചാരണത്തിനിടെയാണ് കിം വൂ ഇക്കാര്യം തുറന്നു പറഞ്ഞത്. 2017-ലാണ് രോഗം സ്ഥിരീകരിച്ചതെന്നും ആറുമാസമേ ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടർ അന്ന് പറഞ്ഞിരുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുത്തു.
ALSO READ: രണ്ടാം നാനൂറുകോടി സ്വന്തമാക്കാനൊരുങ്ങി വിജയ്: ഗോട്ട് റെക്കോർഡ് കളക്ഷനിലേക്ക്
എപ്പോഴും പോസിറ്റീവായി കാര്യങ്ങളെ സമീപിക്കുന്നയാളാണ് താനെന്ന് വൂ. ഒരു കൊറിയൻ ഡ്രാമയിലെ രംഗം പോലെയാണ് ഡോക്ടർ പൊടുന്നനേ അന്ന് കാര്യം പറഞ്ഞത്. ചുരുക്കിപ്പറയുകയാണെങ്കിൽ നിങ്ങൾ ആറു മാസമേ ജീവിക്കൂ എന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ. അതു കേട്ടപ്പോൾ ഒരേസമയം ഞെട്ടലും ഭയവുമുണ്ടായി. അതൊരു സ്വപ്നമായിരിക്കണേ എന്നായിരുന്നു പ്രാർത്ഥിച്ചതെന്നും താരം പറഞ്ഞു.
ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുന്നില്ലെങ്കിൽ എന്തുചെയ്യുമെന്നുള്ള ചിന്ത തൻ്റെ മനസ്സിൽ കടന്നു വന്നില്ലെന്ന് കിം പറഞ്ഞു. “ആളുകളുടെ പിന്തുണയാണ് എന്റെ ഏറ്റവും വലിയ ശക്തി എന്ന് അദ്ദേഹം. എനിക്ക് ലഭിച്ച പ്രാർഥനകൾ എന്റേതായ രീതിയിൽ കഴിയുന്നത്ര പേരിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.
2017-ലാണ് ഏറെ ആരാധകരുള്ള ഈ കൊറിയൻ യുവതാരത്തിന് അപൂർവമായ നാസോഫാറിംഗിയൽ കാൻസർ സ്ഥിരീകരിക്കുന്നത്.തുടർന്ന് അദ്ദേഹം റേഡിയഷൻ ചികിത്സ ആരംഭിച്ചതായും ജോലിപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കുകയാണെന്നും കിമ്മിന്റെ ഏജൻസിയായ സൈഡസ് എച്ച്.ക്യൂ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. മാസങ്ങൾക്കുശേഷം ചികിത്സ പൂർത്തിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു.അവസാനം, 2019 ൽ താൻ പൂർണ രോഗമുക്തനായെന്ന സന്തോഷവാർത്ത ആരാധകരോട് കിം പങ്കുവെക്കുകയുണ്ടായി. പിന്നീട് 2022-ൽ ഏലിയനോയ്ഡ് എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.