സൂരി, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കൊട്ടുകാളി’. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ച് നിരൂപക പ്രശംസ നേടിയ ചിത്രത്തിനെ തേടി മറ്റൊരു അംഗീകാരം എത്തിയിരിക്കുകയാണ്. റഷ്യയിൽ നടക്കുന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘കൊട്ടുകാളി’ ഗ്രാൻഡ് പ്രീ അവാർഡ് സ്വന്തമാക്കി. ചിത്രത്തിന്റെ നിർമാതാക്കളായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
നടൻ ശിവകാർത്തികേയന്റെ നിർമ്മാണ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചത്. പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധാനം. വിനോദ് രാജിന്റെ ആദ്യ ചിത്രമായ ‘കൂഴാങ്കൽ’ ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ടൈഗർ പുരസ്കാരവും ലഭിച്ചിരുന്നു. ഓഗസ്റ്റ് 23 ന് തിയേറ്ററിലെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
Also Read: പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2
ചിത്രത്തിലെ സൂരിയുടെയും അന്ന ബെന്നിന്റെയും പ്രകടനങ്ങൾക്ക് നിരൂപകരുടെയും പ്രേക്ഷകരുടെയും പക്കൽ നിന്ന് കൈയ്യടി ലഭിച്ചിരുന്നു. 2024 ഫെബ്രുവരി 16-നാണ് 74-ാമത് ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘കൊട്ടുകാളി’ വേൾഡ് പ്രീമിയർ നടത്തിയത്. മേളയുടെ ഫോറം വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കാർത്തിക് സുബ്ബരാജ് അടക്കം നിരവധി സംവിധായകന്മാരും അഭിനേതാക്കളുമാണ് സിനിമയെ പ്രശംസിച്ച് മുന്നോട്ട് വന്നത്. നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയ സിനിമയാണ് ‘കൊട്ടുകാളി’ എന്നും, പി എസ് വിനോദ് രാജ് മികച്ച സംവിധായകനാണെന്നും കാർത്തിക്ക് സുബ്ബരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.