കോഴിക്കോട് ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം; ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗര്‍ഭസ്ഥശിശുവുമാണ് മരിച്ചത്

കോഴിക്കോട് ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം; ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി കുടുംബം
കോഴിക്കോട് ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം; ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കി. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിച്ചിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലിസ് ഉറപ്പ് നല്‍കിയതായി ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍. നരഹത്യയ്ക്ക് കേസെടുത്തില്ലെങ്കില്‍ പത്തൊന്‍പതാം തിയതി വീണ്ടും പ്രതിഷേധിക്കുമെന്ന് അറിയിച്ചു.

എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗര്‍ഭസ്ഥശിശുവുമാണ് മരിച്ചത്. ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശു മരിച്ചതായി ആശുപത്രി അറിയിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്നാണ് ബന്ധുക്കളുടെ ആരോപണം. ഡോക്ടേഴ്‌സ്‌നെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അശ്വതിയുടെ ഭര്‍ത്താവ് വിനോദ് പറഞ്ഞു.

ആശുപത്രിക്ക് എതിരെ മുന്‍പും പല ആരോപണങ്ങളും ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. മരിച്ച അശ്വതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധിച്ചു. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് അത്തോളി പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ആരോപണങ്ങളെല്ലാം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

Top