കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട് കയറി ആക്രമിച്ച് മൂവർ സംഘം. കോഴിക്കോട് കൊയിലാണ്ടി പന്തലായനിയിലാണ് സംഭവം. വീടിന്റെ ജനലുകളും ഫർണിച്ചറുകളും അക്രമിസംഘം അടിച്ച് തകർത്തു. വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യക്കും മക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു.
പരിക്കേറ്റ ഉണ്ണികൃഷ്ണനും കുടുംബാംഗങ്ങളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമി സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ഉണ്ണികൃഷ്ണനെ ആദ്യം മർദിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലുണ്ടായിരുന്ന കസേര ഉൾപ്പെടെ എടുത്ത് അടിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.