കോഴിക്കോട്: എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാൾ കോഴിക്കോട് തുറക്കാനൊരുങ്ങുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയോടെയായിരിക്കും ഉദ്ഘാടനം. കോഴിക്കോട് മാങ്കാവിൽ തയ്യാറായ മാൾ കേരളത്തിലെ തന്നെ നാലാമത്തെ ലുലുമാളാണ്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ലുലുമാളുകളുള്ളത്. തൃശൂർ തൃപ്രയാറിൽ വൈ മാളും പ്രവർത്തിക്കുന്നു. പാലക്കാടിന് സമാനമായ ‘മിനി’ ഷോപ്പിങ് മാളാണ് കോഴിക്കോട്ടും.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷൻ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യമുള്ളവയാണ് മിനി മാളുകൾ. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. തൃശൂർ ഹൈലൈറ്റ് മാളിലും ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കാൻ ലുലു സജ്ജമായി കഴിഞ്ഞു. വൈകാതെ തന്നെ കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി ഷോപ്പിങ് മാൾ ഉയരും.
കോഴിക്കോടിനുള്ള ഓണസമ്മാനം
മിക്ക ബ്രൻഡ് ഉൽപന്നങ്ങളുടെ ഷോപ്പുകൾ മാളിൽ സജ്ജമായി കഴിഞ്ഞു. ഹൈപ്പർമാർക്കറ്റ്, വിനോദം, വസ്ത്രം, ഇലക്ട്രോണിക്സ്, ഫുഡ് കോർട്ട്, ഫാഷൻ, ജ്വല്ലറി, ഹെൽത്ത് ആൻഡ് വെൽനെസ്, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ വിപുലമായ ശേഖരം മാളിൽ ഉണ്ടാകും.
3.5 ലക്ഷം ചതുരശ്ര അടിയിൽ ഷോപ്പിങ്ങിനായി മൂന്ന് നിലകളിലെ വിസ്മയമാണ് കോഴിക്കോട് ഒരുക്കുന്നതെന്ന് ലുലുമാൾസ് ഇന്ത്യ വ്യക്തമാക്കി. ഇതിൽ 1.5 ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കും. 16 വേറിട്ട ബ്രാൻഡുകളും പാൻ ഏഷ്യൻ റസ്റ്ററന്റുമായി 400 സീറ്റുകളുള്ള ഫുഡ്കോർട്ടും ആകർഷണമായിരിക്കും. കുട്ടികൾക്കായി ആകർഷക വിനോദ കേന്ദ്രവുമുണ്ടാകും. കോഴിക്കോട് ലുലു മാൾ മലബാറിന്റെ ഷോപ്പിങ് അനുഭവം മാറ്റിമറിക്കുന്നതിന് പുറമേ ടൂറിസം മേഖലയ്ക്കും കരുത്താകുമെന്നാണ് പ്രതീക്ഷകൾ.
കേരളത്തിന് പുറമേ ബെംഗളൂരു, ലക്നൗ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഇന്ത്യയിൽ ലുലുമാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ 4,000 കോടിയോളം രൂപ നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മാൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ലുലു.