2 കോടിയുടെ ലഹരിക്കേസിൽ 24കാരി അറസ്റ്റിൽ

2 കോടിയുടെ ലഹരിക്കേസിൽ 24കാരി അറസ്റ്റിൽ

കോഴിക്കോട്; രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം.

പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകൾ പിടികൂടി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തു.

ഇതിൽ ഷൈൻ ഷാജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ബെംഗളൂരുവിൽ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്നു മനസിലായി.ഷൈൻ നിരവധി തവണ ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസുവഴി മയക്കു മരുന്ന് കടത്തിന് ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്.

കേസിലെ രണ്ട് പ്രതികളെ പിടികൂടിയപ്പോൾ ജുമി ഒളിവിൽ പോയി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ച് ഗോവ, ബെംഗളൂർ എന്നിവിടങ്ങളിൽ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയാണ് പതിവ്.

Top