സിമി റോസ് ബെൽ ജോണിനെ പുറത്താക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

സിമി റോസ് ബെൽ ജോണിന്റെ പ്രവർത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നാണ് വിവരം

സിമി റോസ് ബെൽ ജോണിനെ പുറത്താക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
സിമി റോസ് ബെൽ ജോണിനെ പുറത്താക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: വനിതാ നേതാക്കളെ അധിക്ഷേപിച്ച സംഭവത്തിൽ മുൻ എഐസിസി അംഗവും പി എസ് സി അംഗവുമായിരുന്ന സിമി റോസ് ബെൽ ജോണിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. സിമി റോസ് ബെൽ ജോണിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി എം ലിജു അറിയിക്കുകയായിരുന്നു.

KPCC President K Sudhakaran

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും അവർക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെൽ ജോൺ ആക്ഷേപം ഉന്നയിച്ചതെന്ന് കെപിസിസി നേതൃത്വം പറഞ്ഞു.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവർ സിമി റോസ് ബെൽ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നൽകിയ പരാതിയിൽ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെൽ ജോണിന്റെ പ്രവർത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നാണ് വിവരം.

വിശദാംശങ്ങൾ ചുവടെ:

നേരത്തെ സിമി റോസ് ബെല്ലിന്റെ ആരോപണങ്ങൾ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രം​ഗത്തെത്തിയിരുന്നു. സിമി റോസ് ബെല്ലിന്റെ ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്നും ഇതിനെതിരെ മഹിള കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നേതാക്കളോട് അ‌ടുപ്പമുള്ളവർക്ക് മാത്രമേ അ‌വസരങ്ങൾ ലഭിക്കുന്നുള്ളൂവെന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെന്നുമായിരുന്നു അ‌വരുടെ മറുപടി. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അ‌തിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും സിമി പറഞ്ഞിരുന്നു. സമയം വരുമ്പോൾ അ‌ത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ കൂട്ടിച്ചേർത്തു. ജെബി മേത്തർ എംപിയുടെ പേരെടുത്ത് പറഞ്ഞും സിമി റോസ് ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസിൽ അ‌നർഹർക്കാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നായിരുന്നു ആരോപണം.

Also read: പലതും തുറന്നുപറയേണ്ടി വരും’: വി ഡി സതീശനെതിരെ സിമി റോസ്ബെൽ

‘യൂത്ത് കോൺഗ്രസിൽ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോൺഗ്രസ് അ‌ഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോൾ ഞങ്ങൾ മൗനംപാലിച്ചു. എട്ടുവർഷം മുമ്പ് മഹിളാ കോൺഗ്രസിൽ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അ‌ന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാൽ) ഉൾപ്പെടെയുള്ളവർ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവർത്തനത്തിലൂടെ വന്നവർ ഇപ്പോഴും തഴയപ്പെടുകയാണ്. അ‌ങ്ങനെയുള്ള എത്ര വനിതാ അംഗങ്ങൾ കെപിസിസിയിൽ ഉണ്ടെന്ന് പരിശോധിക്കണം. അ‌വരേക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അ‌വരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്’, സിമി റോസ്ബെൽ പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിരുന്നു.

Top