കൃഷ്ണയുടെ മരണം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്താല്‍ അതിശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ

കൃഷ്ണയുടെ മരണം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്താല്‍ അതിശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ
കൃഷ്ണയുടെ മരണം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്താല്‍ അതിശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് എഡിഎം നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രതികരണം.

അപൂര്‍വ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവര്‍ത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തില്‍ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങള്‍ക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടര്‍ക്കെതിരെ അന്യായമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.

അതീവ ഗുരുതരാവസ്ഥയിലായ രോഗിക്ക് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ സാധ്യമായ ചികിത്സ നല്‍കുകയും വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപാധികള്‍ ലഭ്യമായ ആംബുലന്‍സില്‍ താമസം വിനാ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. മുന്‍കൂട്ടി പ്രവചിക്കാനാവാത്ത ഇത്തരം സങ്കീര്‍ണതയ്ക്ക് കൃത്യമായ ചികിത്സ നല്‍കിയിട്ടും ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധപ്പെട്ട ഡോക്ടറെ വേട്ടയാടുന്നത് യാതൊരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

ഏത് മരുന്നിന് എപ്പോഴാണ് റിയാക്ഷന്‍ വരിക എന്ന് പറയാന്‍ സാധിക്കില്ല എന്നിരിക്കെ, ഇഞ്ചക്ഷന്‍ നല്‍കാന്‍ കുറിപ്പ് എഴുതിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ല. ഒരു മരുന്നിന് ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് ഡോക്ടര്‍ ഉത്തരവാദിയാവുക, രോഗം മൂര്‍ച്ഛിക്കുമ്പോഴോ സര്‍ജറിയുടെ പാര്‍ശ്വഫലമായോ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് ഡോക്ടറെ പഴിചാരുക, കുറ്റം ചുമത്തുക, തുടങ്ങിയവയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എങ്കില്‍ ഡോക്ടര്‍മാരുടെ മനോവീര്യം തളാരാതെ നോക്കാന്‍ സംഘടനക്ക് ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരും.

പരിമിതമായ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവശേഷിയും മറികടന്നുകൊണ്ട് പൊതുജനാരോഗ്യ സംരക്ഷണത്തിനായി അവിരാമം പ്രയത്‌നിക്കുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കെജിഎംഒഎ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേസമയം, കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് നെയ്യാറ്റിന്‍കരയിലെ പ്രതിഷേധം അവസാനിച്ചത്.

സാമ്പത്തിക സഹായം, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാമെന്ന് എഡിഎം അറിയിച്ചു. യുവതിയെ ചികിത്സിച്ച ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണം, കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം, കുട്ടിയുടെ പഠന ചിലവ് ഉള്‍പ്പടെ ഉറപ്പ് വരുത്തണം എന്നിവയാണ് കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം പോര രേഖാമൂലം എഴുതിനല്‍കണം എന്നാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.

Top