തിരുവനന്തപുരം: വൈദ്യുതി ബില്ല് ഇനിമുതല്‍ മലയാളത്തിലും ലഭിക്കും. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കെ എസ് ഇ ബിയുടെ പുതിയ നീക്കം. മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് നല്‍കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
കെഎസ്ഇബി ബില്ലുകൾ തോന്നിയ പോലെ വ്യാഖ്യാനിച്ച് വ്യാജ വാർത്തകൾ നിർമ്മിച്ച് വിടുന്ന സാഹചര്യവും നിലവിലുണ്ട്. ഈ പ്രശ്നത്തിനു കൂടി പരിഹാരമാകും ബില്ല് മലയാളത്തിൽ കൊടുക്കുന്നത്. അതോടൊപ്പം കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും അയക്കും. കൂടാതെ www.kseb.in എന്ന വെബ്സൈറ്റ് വഴി ബില്ല് ഡൗണ്‍ലോഡ് ചെയ്യാനും ഇനി മുതൽ കഴിയും. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവയെല്ലാം എന്താണെന്നും എങ്ങനെയാണത് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ മലയാളത്തിലും നൽകിയിട്ടുണ്ട്.
Also Read: മരണ കാരണം തൊഴിൽ സമ്മർദ്ദം! മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത് …
അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.