കോഴിക്കോട്: വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ വയനാട്ടില്‍ 1,514 പട്ടികവര്‍ഗ കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഇതോടെ 1,514 പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇരുട്ടിലായി. വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ 2023 മാര്‍ച്ച് ഒന്ന് മുതല്‍ നാളിതുവരെ വയനാട് ജില്ലയില്‍ 1,62,376 ഗാര്‍ഹിക കണക്ഷനുകളാണ് വിച്ഛേദിച്ചത്.
വിച്ഛേദിച്ചതില്‍ 1,59,732 കണക്ഷനുകള്‍ നാളിതുവരെ പുനഃസ്ഥാപിച്ച് നല്‍കി. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളില്‍ 3,113 എണ്ണം പട്ടികവര്‍ഗ കുടുംബങ്ങളുടേതായിരുന്നു. അതില്‍ പകുതിയലധികം കുടുംബങ്ങള്‍ പിന്നീട് വൈദ്യുതി ബില്ല് അടച്ചു. കണക്ഷന്‍ പുനഃസ്ഥാപിക്കാത്ത 1514 പട്ടികവര്‍ഗ കുടുംബങ്ങളുണ്ടെന്നും മന്ത്രി ഒ.ആര്‍ കേളുവിന് രേഖാമൂലം മറുപടി നല്‍കി. വയനാട്ടിലെ ആദിവാസി മേഖലയിലെ ദാരിദ്ര്യത്തിന്റെ സൂചനകൂടിയാണിത്.