വൈദ്യുതി ലൈനില്‍ മരം വീണാല്‍ ശ്രദ്ധിക്കണേ; ഓര്‍മിപ്പിച്ച് കെഎസ്ഇബി

വൈദ്യുതി ലൈനില്‍ മരം വീണാല്‍ ശ്രദ്ധിക്കണേ; ഓര്‍മിപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം: മഴക്കാലത്ത് മരം വീണും ലൈന്‍ പൊട്ടിവീണും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. എല്ലാ വര്‍ഷവും മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടാനും ശ്രദ്ധിക്കാറുണ്ട് കെഎസ്ഇബി. മഴ ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് ഓര്‍മിപ്പിക്കുകയാണ് കെഎസ്ഇബി.

ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍വ്വീസ് വയര്‍, സ്‌റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നിവയില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്.

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെഎസ്ഇബി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. നിര്‍ദേശങ്ങളോട് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ലൈനിനോടനുബന്ധിച്ച് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ലൈന്‍ ഓഫ് ചെയ്യുന്നതിന് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനെ സമീപിക്കാവുന്നതാണ്.

മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനില്‍ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളില്‍ സ്പര്‍ശിക്കരുത്.ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കുക. അല്ലെങ്കില്‍ 1912ല്‍ വിളിക്കുക. 9496001912 എന്ന നമ്പരില്‍ വാട്‌സ്ആപ് ചെയ്യുന്നതിനും സാധിക്കും.

Top