വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം സ്വദേശി ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി. 5 ലക്ഷം രൂപ ഉടൻ കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസമാണ്  പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കറ്റ് 65 വയസ്സുകാരനായ ബാബു മരിച്ചത്.

വീടിന് സമീപത്തുള്ള സ്ഥലത്ത് പൊട്ടിക്കിടന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പ് കാറ്റിൽ ലൈൻ പൊട്ടിവീണത് കെഎസ് ഇബി ഓഫീസിൽ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.

കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ അറിയിച്ചിരുന്നു. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു. 

വാഴത്തോട്ടത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണെന്ന് നിരവധിവട്ടം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരാഴ്ചവരെ തിരിഞ്ഞു നോക്കാത്ത കെഎസ്ഇബി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രം​ഗത്തെത്തിയിരുന്നു. നിരവധി വട്ടം പരാതി പറഞ്ഞപ്പോൾ രണ്ട് പേരെത്തി ലൈനിൽ വൈദ്യുതിയുണ്ടോ എന്നുപോലും നോക്കാതെ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടെന്നും ആയിരുന്നു നാട്ടുകാരുടെ പരാതി. 

Top