യാംബു: യുദ്ധം ദുരിതം വിതയ്ക്കുന്ന യുക്രെയ്ൻ ജനതയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി രംഗത്ത്. രാജ്യത്തെ സഹായപദ്ധതികൾക്ക് കൈതാങ്ങാവാൻ ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന സഹായപദ്ധതികൾക്ക് സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു. സൗദിയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്.റിലീഫ്) സൂപ്പർ വൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഹും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസും തമ്മിൽ 20 ലക്ഷം ഡോളറിന്റെ സഹകരണ കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്.
ന്യൂയോർക്കിൽ നടക്കുന്ന യു.എൻ. ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള കൂടിക്കാഴ്ച്ക്കിടെയാണ് കരാർ ധാരണയായത്. യുദ്ധം തകർത്തെറിഞ്ഞ ജനതയെ സേവിക്കുന്നതിനായി യു.എൻ സംഘടനകളുമായും ജീവകാരുണ്യ ഏജൻസികളുമായും നിലവിലെ സഹകരണം തുടരുമെന്നും കെ.എസ്. റിലീഫ് വൃത്തങ്ങൾ വ്യക്തമാക്കി. കെ.എസ്. റിലീഫിന്റെ മെഡിക്കൽ പ്രോജക്ടുകളുടെ ഭാഗമായി ഈ മാസം 23 മുതൽ 29 വരെ പോളണ്ടിലെ റസെസോ നഗരത്തിൽ യുക്രെയിനിയൻ അഭയാർഥികൾക്ക് കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ഒരു മെഡിക്കൽ പ്രോജക്ടും ആരംഭിച്ചതായി വക്താവ് അറിയിച്ചു.