കെ.എസ്.ആർ.ടി.സി മിനി ഇ-ബസ് ചൈനയിൽ തന്നെ

മന്ത്രിമാറ്റത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ ഇ-വാഹന നയം മാറിയതാണ് വിനയായത്

കെ.എസ്.ആർ.ടി.സി മിനി ഇ-ബസ് ചൈനയിൽ തന്നെ
കെ.എസ്.ആർ.ടി.സി മിനി ഇ-ബസ് ചൈനയിൽ തന്നെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്കുവേണ്ടി മിനി ഇ-ബസ് നിർമിക്കാനിറങ്ങിയ സ്റ്റാർട്ടപ്പിന് 50 ലക്ഷംരൂപ നഷ്ടമായി. ബസ് നിർമാണം പൂർത്തിയായപ്പോൾ മന്ത്രിയും സി.എം.ഡി.യും മാറി. ഇ-ബസ് ലാഭകരമല്ലെന്ന് പുതിയമന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. കെ.എസ്.ആർ.ടി.സി.യുടെ ആവശ്യപ്രകാരം ചൈനയിൽ നിർമിച്ച ബസുകൾ എന്തുചെയ്യണമെന്നറിയാതെ അവിടത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

മന്ത്രിമാറ്റത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ ഇ-വാഹന നയം മാറിയതാണ് വിനയായത്. ഉൾപ്രദേശങ്ങളിൽ നിന്നും പ്രധാന റോഡുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ മിനി ഇ-ബസുകൾ (ഫീഡർ സർവീസുകൾ) നിർമിക്കാനാണ് കഴിഞ്ഞ നവംബറിൽ ധാരണയായത്. അന്നത്തെ മന്ത്രി ആന്റണി രാജുവും സി.എം.ഡി. ബിജുപ്രഭാകറുമാണ് ചർച്ചകൾക്ക് മുൻകൈ എടുത്തത്.

Also Read: മക്കയിലേക്ക് യാത്ര ചെയ്യാന്‍ ഫ്ളൈയിങ് ടാക്സി

കെ.എസ്.ആർ.ടി.സി. നൽകിയ രൂപരേഖ അനുസരിച്ച് മിനി ഇ-ബസുകൾ നിർമിച്ച് ഇന്ത്യയിലെത്തിക്കാൻ കമ്പനിക്ക് നിർദേശം നൽകി. നിർമാണവേളയിലും അധികൃതർ പുരോഗതി വിലയിരുത്തിയിരുന്നു. കെ.എസ്.ആർ.ടി.സി.ക്ക് നേരിട്ട് മുതൽമുടക്കില്ലാത്ത പദ്ധതിയിൽ, ബസിന്റെ പ്രവർത്തനം വിലയിരുത്തിയശേഷം ധാരണാപത്രം ഒപ്പിടാനായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞ ഡിസംബറിൽ എല്ലാം കീഴ്‌മേൽ മറിഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിക്കൊടുത്ത ഇ-ബസുകൾപോലും നഷ്ടമെന്ന് പറഞ്ഞ മന്ത്രി, ഗ്രാമപ്രദേശങ്ങളിലേക്ക് ചെറിയ ഡീസൽബസുകൾ വാങ്ങാൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി.യെ വിശ്വസിച്ച് പണം മുടക്കിയ സ്റ്റാർട്ടപ്പ് കബളിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ബസുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻപോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് അവരുടെ പരാതി.15 വർഷമായ കെ.എസ്.ആർ.ടി.സി.യുടെ 1200 ഡീസൽ ബസുകൾ പിൻവലിച്ച് ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനങ്ങളാക്കുന്ന പദ്ധതിയും സ്റ്റാർട്ടപ്പുമായി ധാരണയായിരുന്നു. ഇ-ബസിലേക്കുള്ള മാറ്റം നടക്കാത്തതിനാൽ പഴഞ്ചൻ ബസുകളുടെ കാലാവധി നിലവിൽ നീട്ടിയിരിക്കുകയാണ്.

Top