മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി. പത്തനാപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നു നടത്തിയ ട്രയല്‍ റണ്‍ വിജയകരമായതിനെ തുടർന്ന് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒരുമാസത്തിനുള്ളില്‍ സർവീസ് ആരംഭിക്കും.മൂന്ന് സ്വകാര്യ കമ്പനികളുടെ ബസുകളാണ് ട്രയല്‍ റണ്ണിന് ഉപയോഗിച്ചത്.
രണ്ടെണ്ണം ലോക്കൽ സർവ്വീസുകളും മറ്റൊന്ന് പത്തനാപുരം-നെടുങ്കണ്ടം-കട്ടപ്പന വരെ സര്‍വീസ് നടത്തുകയും ചെയ്തു. കട്ടപ്പന സര്‍വീസ് നടത്തിയ ബസ് ആണ് കൂടുതല്‍ മെച്ചപ്പെട്ടതെന്ന് വിലയിരുത്തി. ഈ കമ്പനിയുടെ ബസുകളാണ് പദ്ധതിയില്‍ ഉപയോഗിക്കുക. 37 പേര്‍ക്കിരിക്കാവുന്ന ബസാണിത്. ജൂലായ് 29 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് പത്തനാപുരം-കട്ടപ്പന റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയത്. ദിവസേന രണ്ട് സര്‍വീസുകളുണ്ടായിരുന്നു. മറ്റ് രണ്ട് ബസുകളും ജൂണ്‍ ഏഴ് മുതല്‍ 28 വരെയും ജൂണ്‍ 29 മുതല്‍ ജൂലായ് 28 വരെയും ട്രയല്‍ റണ്‍ നടത്തി. ഡീസല്‍ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ.
Also Read: സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ
വിവിധ കമ്പനികളുടെ ബസുകള്‍ ഒരുമാസത്തോളം ട്രയല്‍ റണ്‍ നടത്തിയത് കൊണ്ട് മികച്ച സര്‍വീസ് നടത്തുന്ന ബസ് കണ്ടെത്താനായി. വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി, യാത്രാസൗകര്യം, വാഹനത്തിനുള്ളിലെ ചൂട്, ഉള്ളിലെ സ്ഥലം എന്നിവയെപ്പറ്റി യാത്രക്കാരില്‍നിന്നു ശേഖരിച്ച അഭിപ്രായങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് വാഹനം തിരഞ്ഞെടുത്തത്.