കൊവിഡ് കാലത്ത് കാറുവാങ്ങിയവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നു കെഎസ്ആര്‍ടിസി പ്രീമിയം ബസുകൾ; മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊവിഡ് കാലത്ത് കാറുവാങ്ങിയവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നു കെഎസ്ആര്‍ടിസി പ്രീമിയം ബസുകൾ; മന്ത്രി കെ ബി ഗണേഷ് കുമാര്‍
കൊവിഡ് കാലത്ത് കാറുവാങ്ങിയവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നു കെഎസ്ആര്‍ടിസി പ്രീമിയം ബസുകൾ; മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രീമിയം ബസുകള്‍ ഓണത്തിന് റോഡിലിറക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാലത്ത് കാറുവാങ്ങിയവരെ പൊതുഗതാഗത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞു. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന കാഴ്ച്ചപ്പാടാണ് പൊതുമരാമത്ത് വകുപ്പിനെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ 2, 35,000 കി.മീ റോഡ് ഉണ്ട്. അതില്‍ 29,522 കി. മീ റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും രണ്ട് ലക്ഷത്തോളം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കീഴിലാണ്. ഗ്രാമീണ റോഡുകള്‍ നല്ല നിലയില്‍ ടാര്‍ ചെയ്തതായി കാണാം. റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് പിഡബ്ല്യുഡി ലക്ഷ്യം. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നാണ് കാഴ്ച്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വഴി നടക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം നിഷേധിച്ച സര്‍ക്കാരാണ് സംസ്ഥാന ഭരിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ എത്ര റോഡിലൂടെ ജനങ്ങള്‍ക്ക് എല്ലൊടിയാതെ നടക്കാന്‍ കഴിയും. റോഡ് പൂര്‍ണ്ണമായും നന്നാവും എന്ന് മന്ത്രി അവകാശപ്പെട്ട ഭാവി എന്നാണ് കേരളത്തില്‍ ഉണ്ടാവുക. വാഹനനികുതി 6000 കോടിയാണ്. എന്നിട്ടും എന്താണ് ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കുന്നത്. യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി. യാതൊരു ഉറപ്പും ഇല്ലെന്നും നജീബ് കാന്തപുരം പറഞ്ഞു. മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ റോഡിലൂടെ ചാടി ചാടി പോകേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം പരിഹസിച്ചു. നേരത്തെ റോഡിലെ കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി പറഞ്ഞത്. ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരില്ല. 2023 ല്‍ മാത്രം 4010 ജീവന്‍ നഷ്ടപ്പെട്ടു. 54, 369 പേര്‍ക്ക് പരിക്കേറ്റതു. നിരവധിപേര്‍ കിടപ്പുരോഗികളായി. പട്ടാമ്പി റോഡില്‍ ഗര്‍ഭിണി വീണ് അബോര്‍ഷന്‍ സംഭവിച്ചു. ജനിക്കാതെ പോയ കുഞ്ഞിന്റെ ഘാതകന്‍ പിഡബ്ല്യൂഡി വകുപ്പാണെന്നും നജീബ് കാന്തപുരം വിമര്‍ശിച്ചു.അതിനിടെ ഭരണപക്ഷം ബഹളം വെച്ചതോട് സ്പീക്കര്‍ കയര്‍ക്കുകയുണ്ടായി. ഈ സഭയില്‍ ഒന്നും പറയാന്‍ പറ്റില്ലേയെന്ന് സ്പീക്കര്‍ ചോദിച്ചു. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചെന്നും നജീബ് സഭയില്‍ സൂചിപ്പിക്കുകയുണ്ടായി.

Top