CMDRF

നവകേരള ബസിന് ഒരു ഡ്രൈവര്‍ മതിയെന്ന് കെഎസ്ആര്‍ടിസി; ഓണ്‍ലൈന്‍ ബുക്കിംഗ് ആയതിനാല്‍ കണ്ടക്ടറുടെ ആവശ്യമില്ല

നവകേരള ബസിന് ഒരു ഡ്രൈവര്‍ മതിയെന്ന് കെഎസ്ആര്‍ടിസി; ഓണ്‍ലൈന്‍ ബുക്കിംഗ് ആയതിനാല്‍ കണ്ടക്ടറുടെ ആവശ്യമില്ല
നവകേരള ബസിന് ഒരു ഡ്രൈവര്‍ മതിയെന്ന് കെഎസ്ആര്‍ടിസി; ഓണ്‍ലൈന്‍ ബുക്കിംഗ് ആയതിനാല്‍ കണ്ടക്ടറുടെ ആവശ്യമില്ല

കോഴിക്കോട്: നവകേരള ബസിന് ഒരു ഡ്രൈവര്‍ മതിയെന്ന് കെഎസ്ആര്‍ടിസി ബെംഗളൂരു-കോഴിക്കോട് റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് ഡിടിഒയ്ക്കാണ് കെഎസ്ആര്‍ടിസി എംഡിയുടെ സന്ദേശം എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് ഉപയോഗിച്ച ആഡംബര ബസ് കഴിഞ്ഞ ഞായറാഴ്ച മുതലാണ് കോഴിക്കോട്‌ബെംഗളൂരു റൂട്ടില്‍ പൊതു ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയില്‍ രണ്ട് പേരാണ് ബസിലുള്ളത്. ഇനി മുതല്‍ കണ്ടക്ടര്‍ ഇല്ലാതെ ബസില്‍ ഒറ്റ ഡ്രൈവര്‍ മാത്രം മതിയെന്നാണ് നിര്‍ദേശം.

പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പതിനൊന്നരയോടെ ബസ് ബെംഗളൂരുവില്‍ എത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് മടക്ക യാത്ര ആരംഭിച്ച് രാത്രി പത്ത് മണിയോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് സര്‍വീസ്. സീറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് ആയതിനാല്‍ കണ്ടക്ടറുടെ ആവശ്യമില്ലെന്നും അതിനാല്‍ ഒരു ഡ്രൈവര്‍ മാത്രം മതിയെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

കോഴിക്കോടുനിന്ന് ബസ് ബെംഗളൂരു വരെ പോയിവരുമ്പോള്‍ 750 കിലോമീറ്ററില്‍ അധികം ദൂരം ഓടണം. ഒറ്റ ദിവസം ഒരാള്‍ തന്നെ ഇത്രയും ദൂരം വാഹനം ഓടിക്കുക എന്നത് അപ്രായോഗികമാണെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ഒറ്റ ഡ്രൈവര്‍ മാത്രമായി സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് യൂണിയനുകള്‍ കത്തു നല്‍കി. ഇത്തരം നടപടികളിലൂടെ സര്‍വീസ് ഇല്ലാതാക്കാനുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

Top