പെരിന്തൽമണ്ണ: മലപ്പുറത്തെ പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഏക ഓർഡിനറി റൂട്ടായ വെട്ടത്തൂർ വഴിയുള്ള തിരുവിഴാംകുന്ന് പാതയിൽ വീണ്ടും സർവീസ് വെട്ടികുറച്ചു. രാവിലെ ഏഴിന് തുടങ്ങി മൂന്നു തവണ തിരുവിഴാംകുന്നും ഒരു തവണ അലനല്ലൂരും പോയി പെരിന്തൽമണ്ണയിൽ തിരികെയെത്തുന്നതിൽ അലനല്ലൂർ വരെ പോവുന്ന സർവീസാണ് കെ.എസ്.ആർ.ടി.സി റദ്ദാക്കിയത്. ഇതോടെ സാധാരണക്കാരായ യാത്രക്കാർ ആണ് വെട്ടിലായത്.
ഉച്ചക്ക് 1.35ന് പെരിന്തൽമണ്ണയിൽനിന്ന് ആരംഭിച്ച് 2.35ന് അലനല്ലൂരിൽ നിന്ന് തിരികെ പുറപ്പെടുന്ന സർവീസായിരുന്നു ഇത്. 39 കിലോമീറ്റർ ഓടുന്ന ഈ ട്രിപ്പിന് 1000 രൂപക്ക് മുകളിൽ ശരാശരി കളക്ഷൻ ലഭിച്ചിരുന്നു. എന്നാൽ മാറ്റം വന്നതോട് കൂടി ഉച്ചക്ക് ശേഷം പെരിന്തൽമണ്ണയിലെത്താൻ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
Also Read :വയനാട്ടിൽ ഹര്‍ത്താൽ തുടങ്ങി
എല്ലാ കാലത്തും ഓരോ കാരണങ്ങൾ പറഞ്ഞാണ് ഡിപ്പോ അധികൃതർ ഓർഡിനറി സർവീസുകളെ തഴയുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് തിരുവിഴാംകുന്നിലേക്കുള്ള കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കൂട്ടായ്മ സോണൽ ഓഫിസർക്കും ട്രാൻസ്പോർട്ട് വകുപ്പിനും പരാതി നൽകി. അതേസമയം കോവിഡ് കാലത്ത് നിർത്തിവെച്ച ഒരു ഓർഡിനറി സർവീസ് പോലും പുനരാരംഭിച്ചിട്ടില്ല.