തിരുവനന്തപുരം: യാത്രാദുരിതമുള്ള ഗ്രാമീണറൂട്ടുകളില്‍ സര്‍വീസ് നടത്താനായി രണ്ട് വാതിലുള്ള 305 മിനി ബസുകൾ വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെ.എസ്.ആര്‍.ടി.സി. പുതിയ മിനി ബസുകള്‍ക്കായി ടാറ്റ, അശോക് ലൈലാന്‍ഡ്, ഐഷര്‍ എന്നീ കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ കൊടുത്തിരിക്കുന്നത്. കൂടുതല്‍ മൈലേജ് കിട്ടുമെന്നതിനാല്‍ ഡീസല്‍ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ. ഒക്ടോബറില്‍ ബസുകള്‍ എത്തും.
33 സീറ്റുള്ള ബസുകളാണ് ടാറ്റയില്‍നിന്ന് വാങ്ങുന്നത്. അശോക് ലൈലാന്‍ഡില്‍നിന്ന് 36 സീറ്റുള്ള ബസും ഐഷറില്‍നിന്ന് 28 സീറ്റുള്ള ബസുമാണ് വാങ്ങുന്നത്. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും ബസ് ഓടിക്കും. പഞ്ചായത്തുകളില്‍ വലിയ ബസുകള്‍ക്ക് ഓടാന്‍ കഴിയാത്തയിടങ്ങള്‍ക്കാണ് മുന്‍ഗണന. ഇത്തരം റൂട്ടുകള്‍ കണ്ടെത്താന്‍ ഡിപ്പോകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഉയര്‍ന്ന ക്ലാസില്‍നിന്ന് തരം മാറ്റിയ ബസുകളാണ് ഓര്‍ഡിനറി സര്‍വീസുകളായി ഓടിക്കുന്നത്. ഡീസല്‍ ചെലവേറിയ ഇവ മിനി ബസ് വരുന്നതോടെ മാറ്റും.
വേണ്ടത്ര പഠനം നടത്താതെയാണ് വീണ്ടും മിനി ബസുകള്‍ വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. കെ.എസ്.ആര്‍.ടി.സി. മിനി ബസ് വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചത് ബന്ധപ്പെട്ട സമിതിയുടെ പഠനം പൂര്‍ത്തിയാക്കാതെയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അംഗീകൃത തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ക്കുന്നുണ്ടെങ്കിലും മിനി ബസ് വാങ്ങലുമായി മാനേജ്‌മെന്റ് മുന്നോട്ടുപോകുകയാണ്.