വീണ്ടും മിനി ബസ് പരീക്ഷിക്കാന്‍ KSRTC

വീണ്ടും മിനി ബസ് പരീക്ഷിക്കാന്‍ KSRTC
വീണ്ടും മിനി ബസ് പരീക്ഷിക്കാന്‍ KSRTC

കെ.എസ്.ആര്‍.ടി.സി. വീണ്ടും മിനിബസ് പരീക്ഷണത്തിന്. സര്‍ക്കാര്‍ അനുവദിച്ച 95 കോടിയില്‍നിന്ന് ആദ്യഘട്ടമായി 200 ചെറിയബസുകള്‍ വാങ്ങാനാണ് നീക്കം. 32 സീറ്റിന്റെ എ.സി., നോണ്‍ എ.സി. ബസുകളാണ് പരിഗണനയിലുള്ളത്. എ.സി. ബസുകള്‍ പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളായി നിരത്തിലിറങ്ങും. ഒരിക്കല്‍ പരീക്ഷിച്ച് പരാജയപ്പെട്ട മിനിബസുകള്‍ വീണ്ടുമെത്തുമ്പോള്‍ ജീവനക്കാരും ആശങ്കയിലാണ്. സാമ്പത്തികപ്രതിസന്ധിയില്‍ ശമ്പളംപോലും കൃത്യമായി നല്‍കാന്‍ കഴിയാത്ത സ്ഥാപനത്തിന് ഇനിയൊരു തിരിച്ചടികൂടി താങ്ങാന്‍ കഴിയില്ലെന്നതാണ് ജീവനക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത്.

2002-ല്‍ കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗതമന്ത്രി ആയിരിക്കേ, 350 മിനിബസുകള്‍ വാങ്ങിയിരുന്നു. തുടര്‍ച്ചയായി സാങ്കേതികത്തകരാറുകള്‍ വന്നതോടെ പദ്ധതിപാളി അറ്റകുറ്റപ്പണിക്ക് വന്‍തുക മുടക്കേണ്ടിവന്ന ബസുകള്‍ കട്ടപ്പുറത്തായി. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ പൂര്‍ണമായും പിന്‍വലിച്ചു. 12 ലക്ഷംരൂപയ്ക്ക് വാങ്ങിയ ബസുകള്‍ അരലക്ഷം രൂപയ്ക്കാണ് വിറ്റത്.

മിനിബസുകള്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഉപയോഗത്തിന് ചേര്‍ന്നതല്ലെന്ന വിശദീകരണമാണ് അന്ന് കെ.എസ്.ആര്‍.ടി.സി. നല്‍കിയത്. ഹ്രസ്വ-ദീര്‍ഘദൂര പാതകള്‍ക്ക് ഒരുപോലെ ഉപയോഗിക്കാനാകുമെന്നാണ് പുതിയ നിലപാട്. ഇന്ധനക്ഷമത കൂടുതലാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

ബസ് വാങ്ങലുമായി ബന്ധപ്പെട്ട് തൊഴിലാളിസംഘടനകളുമായി ചര്‍ച്ചചെയ്തിട്ടില്ല. മിനിബസ് ഇടപാടിനോട് പ്രമുഖ തൊഴിലാളിസംഘടനകള്‍ക്കെല്ലാം എതിര്‍പ്പുണ്ട്. ഇക്കാര്യം നേരിട്ട് മന്ത്രിയെ അറിയിക്കാനുള്ള നീക്കത്തിലാണ് അവര്‍.

Top