സിനിമാ ഷൂട്ടിംഗിനായി സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കും; വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി

സിനിമാ കമ്പനികള്‍ക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം

സിനിമാ ഷൂട്ടിംഗിനായി സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കും; വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി
സിനിമാ ഷൂട്ടിംഗിനായി സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കും; വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സംരംഭവുമായി കെഎസ്ആര്‍ടിസി. സിനിമാ ചിത്രീകരണ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കാനാണ് തീരുമാനം. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ കോര്‍പ്പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്തതുമായ സ്ഥലങ്ങള്‍ സിനിമാ ഷൂട്ടിംഗ് സെറ്റ് നിര്‍മ്മിക്കാന്‍ ദിവസ വാടക അടിസ്ഥാനത്തില്‍ നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ളതിനാല്‍ വിവിധ സ്ഥലങ്ങളില്‍ സിനിമാ സെറ്റുകള്‍ക്ക് സ്ഥല സൗകര്യമൊരുക്കാനാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഈഞ്ചക്കല്‍, പാറശ്ശാല, റീജ്യണല്‍ വര്‍ക്ക്‌ഷോപ്പ് മാവേലിക്കര, മൂന്നാര്‍, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, പൊന്നാനി, റീജ്യണല്‍ വര്‍ക്ക്‌ഷോപ്പ് എടപ്പാള്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.

കെഎസ്ആര്‍ടിസിയുടെ നിത്യ സേവനങ്ങള്‍ക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുകയെന്നും വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തതും പൊതുജന സമ്പര്‍ക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആര്‍ടിസി പ്രയോജനപ്പെടുത്തുന്നത്. സിനിമാ കമ്പനികള്‍ക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി പറഞ്ഞു.

Top