‘ഭരണഘടനയെ അപമാനിച്ച മന്ത്രി പത്താം ക്ലാസുകാരുടെ നിലവാരം അളക്കേണ്ട; മാപ്പു പറയണം’: സജി ചെറിയാനെതിരെ കെഎസ്‌യു

‘ഭരണഘടനയെ അപമാനിച്ച മന്ത്രി പത്താം ക്ലാസുകാരുടെ നിലവാരം അളക്കേണ്ട; മാപ്പു പറയണം’: സജി ചെറിയാനെതിരെ കെഎസ്‌യു

തിരുവനന്തപുരം; എസ്എസ്എൽസി വിദ്യാർഥികൾക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി കെഎസ്‌യു. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തൽക്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാർഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ലെന്ന് കെഎസ്‌യു പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ വിദ്യാർഥി സമൂഹത്തെ പരിഹസിക്കുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുവെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാർഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തൽക്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാർഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ല.അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി സജി ചെറിയാനും വി.ശിവന്‍കുട്ടിയും ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാരാണെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികളെ പെരുവഴിയില്‍ നിര്‍ത്താതെ ആദ്യം തുടര്‍പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനു സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും കൂട്ടിച്ചേർത്തു.

Top