മലപ്പുറത്തും പൊന്നാനിയിലും പരാജയ ഭീതി ഉള്ളതു കൊണ്ടാണ് മുസ്ലീം ലീഗ് നേതൃത്വം എസ്.ഡി.പി.ഐയെ കൂട്ട് പിടിക്കുന്നതെന്ന് ഇടതുപക്ഷ എം.എല്‍.എ കെ.ടി ജലീല്‍. മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെ അകറ്റി നിര്‍ത്തുമെന്ന് പ്രസംഗിക്കുന്ന ലീഗിന്റെ ഇപ്പോഴത്തെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.
റിയാസ് മൗലവി കേസില്‍ മുതലെടുപ്പ് നടത്തുന്ന ലീഗ് – കോണ്‍ഗ്രസ്സ് നേതാക്കളുടെ തനിനിറം തുറന്നു കാട്ടിയ ജലീല്‍, കോവിഡ് കാലത്തു പോലും ജാമ്യം ലഭിക്കാതെ പ്രതികളെ അകത്തിട്ടത് ഇടതുപക്ഷ സര്‍ക്കാറാണെന്നാണ് ചൂണ്ടിക്കാട്ടിയത്. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ കൂടി അഭിപ്രായം മാനിച്ച് നടത്തിയ അഭിഭാഷക നിയമനത്തെ തെറ്റായ രൂപത്തില്‍ യു.ഡി.എഫ് ചിത്രീകരിക്കുന്നതിന് മാസ് മറുപടി നല്‍കിയാണ് ജലീല്‍ പൊളിച്ചടുക്കിയത്. സമസ്ത – ലീഗ് ഭിന്നതയിലും അദ്ദേഹം നിലപാട് വ്യക്തമാക്കുകയുണ്ടായി, സമസ്ത പണ്ഡിത സഭയായ മുശാവറയില്‍ ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അംഗത്വം നല്‍കാത്തത്, മതിയായ യോഗ്യത ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ ആദ്യ ഭാഗത്തില്‍ നിന്ന്. . .
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലബാറിലെ ഇടതുപക്ഷ പ്രതീക്ഷ എത്രത്തോളമാണ് ?
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്ത് വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പാണ്. നമ്മുടെ നാടിന്റെ ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും നിലനില്‍ക്കേണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ്. അതുകൊണ്ടുതന്നെ ഭരണഘടന നിലനില്‍ക്കേണ്ടത് രാജ്യത്തുള്ള മുഴുവന്‍ മനുഷ്യരുടെയും ആവശ്യമാണ്. ആ നിലക്ക് അതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കുന്ന ആളുകള്‍ പാര്‍ലിമെന്റില്‍ വരണം. അവരിപ്പോള്‍ പാസാക്കിയിട്ടുള്ള നിയമങ്ങള്‍ കാറ്റില്‍ പുറത്തുകയും അത് അറബിക്കടലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ഒരു ഗവണ്‍മെന്റ് ഉണ്ടാവണം. അങ്ങനെയൊരു ഗവണ്മെന്റിന്റെ സ്ഥാപനത്തിന് യോജ്യന്‍മാരായിട്ടുള്ള അംഗങ്ങള്‍, ആളുകള്‍ ആരൊക്കെയാണോ അവരൊക്കെ ജയിച്ചു വരണം എന്നുള്ളതാണ് പൊതുവേ ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഒരു ശക്തമായിട്ടുള്ള നിലപാടും സമീപനവും കൈക്കൊള്ളാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ളവരാണ് മലബാറിലെ ജനങ്ങള്‍. പല പ്രതിസന്ധി ഘട്ടങ്ങളും മതന്യൂനപക്ഷങ്ങള്‍ക്ക് വന്ന സന്ദര്‍ഭത്തില്‍ യാതൊരുതരത്തിലുള്ള മറയുമില്ലാത്ത സുവ്യക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്രകണ്ട് ഉണ്ടാകുന്നു അത്രയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ പരിരക്ഷിക്കപ്പെടും. അവരുടെ ആവശ്യങ്ങളിലേക്ക് ഭരിക്കുന്നവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടി സാധിക്കും എന്നുള്ള ഉറപ്പ് മലബാറിലെ ജനങ്ങള്‍ക്കുണ്ട്.
മലപ്പുറത്തെയും പൊന്നാനിയിലെയും മത്സരത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?
മലപ്പുറവും പൊന്നാനിയും കാലങ്ങളായി മുസ്ലിംലീഗ് മാത്രം ജയിച്ചു വരുന്ന മണ്ഡലമാണ്. ആ ചരിത്രത്തിനാണ് 2004 ല്‍ ഭംഗം വന്നത്. മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ടികെ ഹംസ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും അമ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിച്ചു. ഇടതുപക്ഷത്തിന് അപ്രാപ്യമെന്ന് കരുതിയിരുന്ന പല അസംബ്ലി മണ്ഡലങ്ങളിലും 2006ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. അതോടെ മുസ്ലിം ലീഗ് മാത്രം ജയിക്കുന്ന മണ്ഡലങ്ങള്‍ എന്ന ഒരു വേര്‍തിരിവ് ഇല്ലാതായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് വസീഫാണ്. ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റാണ് വസീഫ്. ചെറുപ്പക്കാരുടെ സാന്നിധ്യം ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഒരു സമയത്താണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി കാലം എംഎല്‍എയും എംപിയുമൊക്കെ ആയിട്ട് എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നും താന്‍ പ്രധിനിധാനം ചെയ്യുന്ന നിയോജകമണ്ഡലത്തിന് നേടിക്കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണ് പൊന്നാനിയില്‍ മൂന്നുതവണ പാര്‍ലമെന്റ് അംഗമായ, പൊന്നാനി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍പ്പെടുന്ന, തിരൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നാലോ അഞ്ചോ തവണ എംഎല്‍എ ആയ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ഇപ്പോള്‍ മലപ്പുറത്തേക്ക് മാറിയിരിക്കുന്നത്.
മലപ്പുറത്തെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പൊന്നാനിയിലേക്കും മാറിയിരിക്കുകയാണ്. ഇത് തിരിച്ചറിയാനുള്ള വിവേകം മലപ്പുറത്ത് ജനങ്ങള്‍ക്ക് ഉണ്ട്. മന്ത്രി അബ്ദുറഹ്‌മാന്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച ഘട്ടത്തില്‍ 25000 വോട്ടിന്റെ വ്യത്യാസമേ അവിടെ ഇടതുപക്ഷവും വലതുപക്ഷവും ആയിട്ടുള്ളു. വോട്ടിന്റെ വളരെ വലിയ ഭൂരിപക്ഷമൊന്നും യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയിട്ടില്ല. പൊന്നാനിയില്‍ മുസ്ലിംലീഗില്‍ നിന്ന്കലഹിച്ചു പുറത്ത് വന്നിട്ടുള്ള മുസ്ലിംലീഗിന്റെ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി വധം കൈകാര്യം ചെയ്ത കെ എസ് ഹംസയാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കുന്നത്. മലപ്പുറത്തും പൊന്നാനിയിലും ഉള്‍പ്പെടെ യുഡിഎഫിന് കേരളത്തില്‍ വിജയസാധ്യത കുറയുന്നു എന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് അകറ്റിനിര്‍ത്തുകയും തള്ളിപ്പറയുകയും ചെയ്തിരുന്ന എസ്ഡിപിഐ എന്നുപറയുന്ന സംഘത്തെ കൂടെ കൂട്ടിയിരിക്കുന്നത്. അവരുടെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടും തങ്ങള്‍ക്കത് വേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവം യുഡിഎഫിന് ഇല്ലാത്തത് മലപ്പുറം പൊന്നാനി ഉള്‍പ്പെടെയുള്ള കേരളത്തിലെ പല നിയോജക മണ്ഡലങ്ങളിലും പരാജയം മണക്കുന്നു എന്നുള്ളതിന്റെ തെളിവാണ്. എസ്ഡിപിഐ ഇന്നുവരെ പ്രഖ്യാപിതമായി ഇടതുപക്ഷത്തിന് ഇതുപോലെ പരസ്യം ആയിട്ടുള്ള ഒരു പിന്തുണ ഏതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്സഭാ തിരഞ്ഞെടുപ്പിലോ നല്‍കിയിട്ടില്ല. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും വോട്ട് വേണ്ട എന്നുള്ളത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതമായിട്ടുള്ള സമീപനമാണ്, നയമാണ്
സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകളുടെ നിലപാട് തിരഞ്ഞെടുപ്പില്‍ ഇടതിന് അനുകൂലമായി മാറുമോ ?
സമസ്തയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ മുസ്ലിം ലീഗും ആയിട്ട് സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം സമസ്ത നേതാക്കളല്ല, മുസ്ലിംലീഗിന്റെ നേതൃത്വം ആണ്. മുസ്ലിംലീഗിന്റെ നേതൃത്വം സമസ്തയെ അവരുടെ പരിധിയില്‍ നിര്‍ത്താന്‍ വേണ്ടി ശ്രമിച്ചത്തിനെതിരായിട്ടുള്ള ആയിട്ടുള്ള ഒരു നല്ല പ്രതികരണം സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അത് സമസ്തയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട സമസ്തയുടെ നേതൃത്വം ചെയ്യേണ്ടത് തന്നെയാണ്. സമസ്തയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെടുന്ന ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവേ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അല്ലെങ്കില്‍ മുസ്ലിംലീഗിന്റെ ഒരു അതിന്റെ ഒരു ശാഖയാകാന്‍ ഒരിക്കലും സമസ്തക്ക് കഴിയില്ല.
ലീഗ് നിയന്ത്രിക്കുന്ന ഒരു മത സംഘടനയാണ് സമസ്ത എന്ന ധാരണ തിരുത്തപ്പെടേണ്ടതാണ് എന്ന് സമസ്തയുടെ നേതൃത്വത്തിന് തോന്നി. കാരണം അങ്ങനെയൊരു സമീപനം സമസ്തയുടെ മേല്‍ മാത്രമേ മുസ്ലിം ലീഗ് വെച്ചു പുലര്‍ത്തുന്നുള്ളൂ. മറ്റ് മൂന്ന് സംഘടനകളുടെ മേലും ഇത്തരത്തിലുള്ള ഒരു ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല. സമസ്തയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള നീക്കം അവര്‍ നടത്തുന്നതിനെതിരായിട്ടാണ് ഇപ്പോള്‍ സമസ്തയില്‍ നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരായി സമസ്തയിലെ പലയാളുകയും ഇടതുപക്ഷത്തെ സഹായിക്കും എന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ലീഗ് സംസ്ഥാന അദ്ധ്യക്ഷന് പഴയ സ്വാധീനം മുസ്ലീം സംഘടനകളില്‍ ഇപ്പോള്‍ ഇല്ലേ ?
മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് എല്ലാ മുസ്ലിം സംഘടനകളുടെമേലും നേരത്തെ നല്ല സ്വാധീനം ഉണ്ടായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആണെങ്കിലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആണെങ്കിലും അവരൊക്കെ പ്രായം കൊണ്ടും പാണ്ഡിത്യം കൊണ്ടും മതബിരുദംകൊണ്ടും മുകളില്‍ നിന്നിരുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ മതസംഘടനകള്‍ക്ക് അവരെ അംഗീകരിക്കുന്നതിലും അവര്‍ പറയുന്നത് ഉള്‍ക്കൊള്ളുന്നതിലും യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ മുസ്ലിം ലീഗിന്റെ അധ്യക്ഷന്‍ ആ ഒരു നിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. മുസ്ലിംലീഗിനെ വളരെ സപ്പോര്‍ട്ട് ചെയ്ത് നിന്നിരുന്ന സമസ്തയുടെ നേതാക്കള്‍ക്ക് പോലും മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുന്നു. പഴയകാലത്ത് ലീഗ് നേതാക്കളില്‍ നിന്ന് ഭിന്നനാണ് പുതിയകാലത്തെ മുസ്ലിം ലീഗിന്റെ പ്രസിഡണ്ട്.
റിയാസ് മൗലവി കേസ് വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് ?
റിയാസ് മൗലവിയുടെ വധത്തില്‍ വളരെ ശക്തമായിട്ടുള്ള പ്രതിഷേധവും അമര്‍ഷവും ഈ രാജ്യത്തുള്ള എല്ലാവരും രേഖപ്പെടുത്തിയതാണ്. കേരളത്തെ ഉത്തരേന്ത്യന്‍ മോഡലാക്കുന്നതിന് വേണ്ടിയിട്ടുള്ള പരീക്ഷണശാലയായി ആര്‍എസ്എസും ബിജെപിയും തിരഞ്ഞെടുത്തിരിക്കുന്നത് കാസര്‍ഗോഡിനെയാണെന്ന് അവിടുത്തെ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.2009നും 2018നും ഇടയില്‍ കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 6 ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. ഇതില്‍ മുസ്ലിം സമുദായത്തില്‍പ്പെടുന്നവരാണ് കൂടുതലും. ഇങ്ങനെ മുസ്ലിം സമുദായത്തില്‍പ്പെടുന്ന ആളുകളെ കൊലപ്പെടുത്തി കാസര്‍ഗോഡിന് ഒരു വര്‍ഗീയ കലുഷിതമായിട്ടുള്ള മേഖലയാക്കി മാറ്റാന്‍ ആര്‍എസ്എസും ബിജെപിയും സംഘടിതമായി ശ്രമിച്ചതിന്റെ ഫലമായിട്ടാവണം അവിടുത്തെ മൂന്ന് ചെറുപ്പക്കാരില്‍ റിയാസ് മൗലവിയോട് അല്ലെങ്കില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായത്തോട് ശക്തമായിട്ടുള്ള വെറുപ്പ് അനുഭവപ്പെട്ടത്.
റിയാസ് മൗലവി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. റിയാസ് മൗലവിയുടെ ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഡ്വക്കേറ്റ് അശോകനെ ഗവണ്‍മെന്റ് സ്പെഷ്യല്‍ പ്രോസിക്കുട്ടറാക്കിയത്. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വേണമെന്ന് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ഒരു സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. ശ്രീനിവാസനടങ്ങിയ സംഘവും സ്പെഷ്യല്‍ പ്രോസിക്യൂട്ടറും കേസ് വളരെ നല്ല നിലയിലാണ് കൊണ്ടുപോയത്. റിയാസ് മൗലവിയുടെ ഭാര്യ നിര്‍ദ്ദേശിച്ചതനുസരിച്ച് സര്‍ക്കാര്‍ നിയോഗിച്ച അഡ്വക്കേറ്റ് ഷജിത്ത് പോലീസുമായി ഒത്തുകളിച്ച് കേസ് ദുര്‍ബലമാക്കി എന്നു പറഞ്ഞാല്‍ അത് ആര്‍ക്കാണ് വിശ്വസിക്കാന്‍ കഴിയുക? ഇത് റിയാസ് മൗലവിയുടെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്താന്‍ കൂടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിചാരിക്കാം.
ഹൈക്കോടതിയില്‍ പോയാല്‍ തീര്‍ച്ചയായും റിയാസ് മൗലവിയുടെ ഘാതകരെ കല്‍ത്തുറങ്ങില്‍ അടയ്ക്കാന്‍ സാധിക്കും.ഇടതുപക്ഷ സര്‍ക്കാര്‍ റിയാസ് മൗലവിയുടെ ഘാതകരോട് എന്ത് സമീപനം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏഴ് വര്‍ഷവും പ്രതികള്‍ക്ക് ഒരു ദിവസം പോലും ജാമ്യം കൊടുക്കാതെ അവരെ വിചാരണ തടവുകാരായി കേരളത്തിന്റെ ജയിലില്‍ പാര്‍പ്പിച്ചത്.
SDPI – UDF ന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് ഇതേ കുറിച്ചുള്ള നിലപാട് ?
മുസ്ലിംലീഗിന്റെ പല നേതാക്കളും, എംകെ മുനീര്‍, കെഎം ഷാജി അങ്ങനെ തുടങ്ങിയിട്ടുള്ള മുസ്ലീംലീഗിന്റെ നേതൃനിരയിലുള്ളവരും, മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് എസ്ഡിപിഐക്ക് എതിരായിട്ട് എടുത്തിട്ടുള്ളതാണ്. മുസ്ലിം തീവ്രവാദം വളരാതിരിക്കാന്‍ മുസ്ലിം ലീഗാണ് ശ്രമിക്കുന്നതെന്ന് നാഴികക്ക് നാല്പതുവട്ടം അവകാശപ്പെടുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ ആ തീവ്രവാദികളുമായി രാഷ്ട്രീയസഖ്യത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. എസ്ഡിപിഐ സംബന്ധിച്ച് മുന്‍ നിലപാടില്‍ വ്യത്യാസം വന്നിട്ടുണ്ടോ എന്നുള്ളത് അവരാണ് വ്യക്തമാക്കേണ്ടത്.
ഇതുപോലെതന്നെയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയോടും ഒരുകാലത്ത് അവര്‍ സ്വീകരിച്ച സമീപനം. മുസ്ലിം ലീഗ് ഒരു ഘട്ടത്തിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാതൃസംഘടന ആയിട്ടുള്ള ജമാഅത്ത് ഇസ്ലാമിയെ അംഗീകരിച്ചിരുന്നവരല്ല. പക്ഷേ ഒരു രാഷ്ട്രീയ രൂപമായി വെല്‍ഫെയര്‍ പാര്‍ട്ടി വന്നപ്പോള്‍ അവരുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാരണകള്‍ക്കും സഖ്യം ഉണ്ടാക്കാനും യുഡിഎഫ് തയ്യാറായി. അതിനെക്കാള്‍ അപകടകരമായിട്ടുള്ള കാര്യമാണ് ഇപ്പോള്‍ എസ്ഡിപിഐയുടെ പരസ്യമായിട്ടുള്ള പിന്തുണ തള്ളിക്കളയാതെ മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നത്. ഇത് മുസ്ലിം ചെറുപ്പക്കാര്‍ക്ക് എസ്ഡിപിഐയോട് ഉണ്ടായിരുന്ന അകലം കുറയ്ക്കും. മുസ്ലിം ലീഗ് ഈ പരസ്യ സഖ്യത്തെ തള്ളിപ്പറഞ്ഞിട്ടില്ല എന്നുള്ളത് ലീഗല്‍ തന്നെ തീവ്ര സ്വഭാവമുള്ള ചെറുപ്പക്കാര്‍ക്ക് എസ്ഡിപിഐയുമായി ഭാവിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് പ്രചോദനമായാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുഴുവന്‍ കാരണക്കാര്‍ മുസ്ലിംലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം ആകും എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.
ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയാത്ത മുസ്ലിം ലീഗ് എങ്ങനെയാണ് എസ്ഡിപിഐയുടെ പരസ്യമായിട്ടുള്ള പിന്തുണയെ തള്ളിപ്പറയാതെ മുന്നോട്ടു പോവുക. ആര്‍എസ്എസ് എസ്ഡിപിഐ തുടങ്ങിയിട്ടുള്ള സംഘടനകളും ആയി കേരളത്തിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒരു പ്രഖ്യാപിത വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടിയും മുന്നണിയില്‍ സഖ്യമോ ധാരണയോ ഉണ്ടാക്കാന്‍ പാടില്ല. അതുണ്ടാക്കുന്നത് അവര്‍ക്ക് മാന്യതയുടെ കുപ്പായം കൊടുക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസിന്റെ ഒരു സജീവ പ്രവര്‍ത്തകനെയാണ് ചാവക്കാട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊന്നത്. ലീഗിന്റെ ഇന്നോളമുള്ള തീവ്രവാദവിരുദ്ധ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് എസ്ഡിപിഐയുടെ പരസ്യ പിന്തുണ തള്ളി പറയാതെ അവര്‍ മുന്നോട്ട് പോകുന്നത് സൂചിപ്പിക്കുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ ലീഗിന്റെ ഭാവി എന്തായിരിക്കും ?
മുസ്ലിംലീഗിന് സ്വന്തമായിട്ട് തന്നെ ജയിക്കാന്‍ പറ്റുന്ന നിയോജകമണ്ഡലങ്ങള്‍ കേരളത്തില്‍ ഉണ്ടല്ലോ. തെലുങ്കാനയിലെ ഒവൈസിയുടെ പാര്‍ട്ടി ഒരു മുന്നണിയിലും അംഗമല്ല. കോണ്‍ഗ്രസിന്റെ മുന്നണിയിലും ഒവൈസിയുടെ പാര്‍ട്ടിയില്ല. അതുപോലെ അവരെ എതിര്‍ക്കുന്ന മുന്നണിയിലും ഒവൈസിയുടെ പാര്‍ട്ടി ഇല്ല. എന്നാലും ഒവൈസി കാലങ്ങളായിട്ട് ഹൈദരാബാദില്‍ ജയിക്കുന്നു. ഒവൈസിയുടെപാര്‍ട്ടിക്ക് ഏഴോ എട്ടോ എംഎല്‍എമാര്‍ ആ ചുറ്റുവട്ടത്തുനിന്ന് ഉണ്ടാകുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഒറ്റക്ക് മത്സരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി കഴിഞ്ഞ ലോക്‌സഭയില്‍ ഒരു അംഗത്തെ ഉണ്ടാക്കിയത്. അതുപോലെ മുസ്ലിംലീഗിനും കേരളത്തില്‍ എംപിമാരെയും എംഎല്‍എമാരെയും സ്വന്തമായി ഉണ്ടാക്കാന്‍ സാധിക്കും. കോണ്‍ഗ്രസ്സുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് ഈ ലോകസഭ തെരഞ്ഞെടുപ്പും വരാന്‍ പോകുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പും അവരെ ബോധ്യപ്പെടുത്തും.
കോണ്‍ഗ്രസ് ലീഗിന്റെ വോട്ട് വാങ്ങുക എന്നല്ലാതെ തിരിച്ചു കോണ്‍ഗ്രസ് ലീഗിന് വോട്ട് കൊടുക്കുന്നത് വളരെ വിരളമാണ്. പ്രത്യേകിച്ച് തൃശ്ശൂരില്‍ അങ്ങനെയൊന്ന് ചിന്തിക്കാനേ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസ് ലീഗ്ന് ഒരു സീറ്റ് കൊടുക്കുമ്പോള്‍ ഫ്രീ ആയിട്ട് ഒരു റിബലിനെയും അവര് കൊടുക്കും. അങ്ങനെയാണ് തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന പല നിയോജക മണ്ഡലങ്ങളും മുസ്ലിംലീഗിന് നഷ്ടപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് ലീഗിന് ഒരു എംഎല്‍എ ഉണ്ടായിരുന്നു, മുഹമ്മദ് കണ്ണ്. എത്രയോ വര്‍ഷം അദ്ദേഹം എംഎല്‍എ ആയിരുന്നു. ആ മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കവെ കോണ്‍ഗ്രസിന്റെ റിബല്‍ മത്സരിച്ച് ജയിച്ചു. അങ്ങനെയാണ് ആ നിയോജകമണ്ഡലം ലീഗിന് നഷ്ടപ്പെട്ടത്. പിന്നെ ലീഗില്‍ ഒരു നിയോജകമണ്ഡലം തെക്കുഭാഗത്ത് ഉണ്ടായിരുന്നത് കൊല്ലമാണ്. കൊല്ലത്ത് ഇരവിപുരം. അവിടെയും ലീഗ് മത്സരിച്ച് ജയിച്ചിട്ടുണ്ട്. പി കെ കെ ബാവ അവിടെനിന്ന് ജയിച്ച സമയത്താണ് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായത്. അവിടെയും ലീഗിനെ തോല്‍പ്പിച്ച് ആ സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കി. എന്നിട്ട് ഒരിക്കലും ജയിക്കാത്ത മറ്റൊരു സീറ്റാണ് അവര് കൊടുത്തത്. ഫലത്തില്‍ തൃശ്ശൂരിനിപ്പുറത്തേക്ക് മുസ്ലിം ലീഗ് എന്നുപറയുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരൊറ്റ നിയമസഭാ അംഗവും ഇല്ല. മത്സരിക്കുന്ന സ്ഥലത്തെല്ലാം കോണ്‍ഗ്രസ് കാലുവരി അവരെ തോല്‍പ്പിക്കുകയാണ്. ലീഗിന്റെ ശക്തിക്കനുസരിച്ച് തദ്ദേശസ്ഥാപന പ്രാധാന്യവും മുസ്ലിം ലീഗിനില്ല എന്നുള്ളത് വസ്തുതയാണ്.
ഒരു ഘട്ടത്തില്‍ തൊടുപുഴ മുനിസിപ്പാലിറ്റി ഭരിച്ചിരുന്നത് മുസ്ലിം ലീഗാണ്. ആലപ്പുഴ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ഷിപ്പ് മുസ്ലിംലീഗിന് വന്നിട്ടുണ്ട്. അങ്ങനെ നിരവധി തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ പദവി ലീഗില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതെല്ലാം കോണ്‍ഗ്രസ് ലീഗിനെതിരായി ക്രോസ് വോട്ട് ചെയ്ത് ലീഗിന്റേതല്ലാതാക്കി മാറ്റി. അതുകൊണ്ട് ലീഗിന് കോണ്‍ഗ്രസുമായിട്ടുള്ള സഖ്യം അധികകാലം തുടരാന്‍ സാധിക്കില്ല. ലീഗ് രക്ഷപ്പെടണമെങ്കില്‍ അവര്‍ സ്വന്തമായിട്ട് നില്‍ക്കുന്ന ഒരു സ്ഥിതി ഉണ്ടാവണം. ഈ ലോക് സഭ തിരഞ്ഞെടുപ്പ് അതിലേക്ക് വഴി തുറന്നാലും അത്ഭുതപ്പെടേണ്ടതില്ല.