CMDRF

രാജീവ് ​ഗാന്ധി പ്രതിമ നീക്കുമെന്ന് കെ.ടി.ആർ; തൊട്ടുനോക്കാൻ വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി

രാജീവ് ​ഗാന്ധി പ്രതിമ നീക്കുമെന്ന് കെ.ടി.ആർ; തൊട്ടുനോക്കാൻ വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി
രാജീവ് ​ഗാന്ധി പ്രതിമ നീക്കുമെന്ന് കെ.ടി.ആർ; തൊട്ടുനോക്കാൻ വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: രാജീവ് ​ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ്- ബി.ആർ.എസ് തർക്കം മൂർച്ഛിക്കുന്നു. തെലങ്കാന സെക്രട്ടറിയേറ്റിന് മുന്നിൽ രാജീവ് ​ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിലാണ് തർക്കം. പ്രതിമ സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിക്കുമെന്നും ഉടൻതന്നെ അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചപ്പോൾ തങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയാൽ അത് നീക്കം ചെയ്യുമെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി.ആർ പ്രതികരിച്ചു.

എന്നാൽ രാജീവ് ഗാന്ധിയുടെ പ്രതിമയിൽ തൊടാൻ കെ.ടി.ആറിനെ വെല്ലുവിളിച്ച രേവന്ത് റെഡ്ഡി, ഇത്തരം നിലപാട് തുടർന്നാൽ തെലങ്കാന ബി.ആർ.എസിനെ സാമൂഹികമായി ബഹിഷ്‌കരിക്കാൻ നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പും നൽകി.

സംസ്ഥാനത്തെ കൊള്ളയടിച്ചവരുടെ പ്രതിമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ നിന്ന് രാജീവ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്ത് പകരം നിങ്ങളുടെ പിതാവിൻ്റെ പ്രതിമ സ്ഥാപിക്കാനാണോ ഉദ്ദേശിക്കുന്നതെന്നും റെഡ്ഡി കെ.ടി.ആറിനോട് ചോദിച്ചു.

ബി.ആർ.എസിന് അധികാരം നഷ്ടമായാലും അഹങ്കാരം പോയിട്ടില്ലെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു. ബി.ആർ.എസ് ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തില്ലെന്നു പറഞ്ഞ രേവന്ത് റെഡ്ഡി, വരുന്ന 15-20 ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ രാജീവ് ​ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും വ്യക്തമാക്കി. തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് അടുത്തുള്ള സ്ഥലം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച കെ.ടി.ആറിനെതിരെ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും രംഗത്തെത്തി. കെ.ടി.ആർ ചരിത്രം മറക്കുകയാണെന്നും രാജീവ് ഗാന്ധിയുടെ മുൻകൈകൊണ്ടാണ് ഹൈദരാബാദ് ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ വൻ പുരോഗതി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top