ദോഹ: ഖത്തറിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മ പ്രവാസി ദോഹ നല്‍കി വരുന്ന ബഷീര്‍ പുരസ്‌കാരം ശില്‍പി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പുരസ്‌കാരം വിതരണം ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ലെന്ന് മാനേജിങ് ട്രസ്റ്റി ബാബു മേത്തര്‍ അറിയിച്ചു. പുരസ്‌കാര ജേതാവിന്റെ ഗ്രാമത്തില്‍നിന്ന് അദ്ദേഹം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിക്ക് എംഎന്‍ വിജയന്‍ സ്‌കോളര്‍ഷിപ്പായി 15,000 രൂപ നല്‍കും. എംടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറിയില്‍ കേരളത്തില്‍നിന്ന് ബാബു മേത്തര്‍, എംഎ റഹ്‌മാന്‍, പി ഷംസുദ്ദീന്‍ എന്നിവരും ഖത്തറില്‍നിന്ന് കെകെ സുധാകരന്‍, സിവി റപ്പായി, ജഗദീപന്‍ എന്നിവരും അംഗങ്ങളാണ്. മലമ്പുഴ ഡാം ഗാര്‍ഡനിലെ ‘യക്ഷി’, ശംഖുമുഖം ബീച്ചിലെ ‘സാഗര കന്യക’, കൊച്ചിയിലെ ‘മുക്കോല പെരുമാള്‍ ത്രിമൂര്‍ത്തികള്‍’ തുടങ്ങി നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച കലാകാരനാണ് 86കാരനായ കാനായി കുഞ്ഞിരാമന്‍.