കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിൽ കരിങ്കൽ ക്വാറിയിൽ വൻതോതിൽ വെള്ളം കെട്ടിനിൽക്കുന്നത് ജനങ്ങളെ ഭീതിയുടെ മുൾമുനയിലാക്കുന്നു. എന്നാൽ കുന്നിന്മുകളിലുള്ള ക്വാറിയിൽ വൻതോതിൽ കെട്ടിനിൽക്കുന്ന വെള്ളം മണ്ണിടിച്ചിലിന് കാരണമായാൽ താഴ്വാരത്ത് താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാവുമെന്നാണ് പ്രദേശവാസികളുടെ ഭീതി. അതേസമയം നേരത്തെ ജനകീയ സമരത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കപ്പെട്ട ക്വാറിയാണ് ഇത്.
2019ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് മറ്റത്തൂരിലെ കുഞ്ഞാലിപ്പാറകുന്നിന് മുകളിലുള്ള കരിങ്കൽക്വാറിക്കും മെറ്റൽക്രഷറിനുമെതിരെ പ്രദേശവാസികളായ ഇവിടുത്തെ ജനങ്ങൾ സമരം ആരംഭിച്ചത്. മൂന്നുവർഷത്തോളംനീണ്ട ക്വാറി വിരുദ്ധ ജനകീയ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനും ഒടുവിലാണ് ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനം നിർത്തിവെക്കാൻ നടപടിയുണ്ടായത്. തുടർന്ന് കുഞ്ഞാലിപ്പാറകുന്നിൽ ആഴത്തിൽ കരിങ്കൽ ഖനനം നടത്തിയിതിനെ തുടർന്ന് രൂപപ്പെട്ട ജലാശയങ്ങൾ നികത്തി അവ പൂർവ സ്ഥിതിയിലാക്കി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും അതിനുള്ള നടപടിയുണ്ടായിട്ടില്ല. അതേസമയം കുന്നിൻമുകളിലുള്ള ക്വോറിയിലെ വെള്ളക്കെട്ട് ഒരു ജലബോംബായി താഴ്വാരയിലെ ജനങ്ങളുടെ ജീവനുമീതെ നിൽക്കുകയാണിപ്പോൾ.