ആലപ്പുഴ: ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റെ മോഷണം വ്യാപിച്ചതും ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെ ജനങ്ങള്‍ ഭീതിയില്‍. മണ്ണഞ്ചേരിയിലും കായംകുളത്തും നടന്ന മോഷണങ്ങളില്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്പെഷ്യല്‍ സ്‌ക്വാഡിനെയാണ് രൂപീകരിച്ചത്. മോഷണം നടന്ന സ്ഥലങ്ങളില്‍ രാത്രിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി.
കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളിലാണ് കുറുവാ സംഘത്തിന്റെ താവളം. ദേഹത്ത് എണ്ണ, കരിയോയില്‍ എന്നിവ തേച്ചാണ് മോഷണത്തിനെത്തുക. അടുക്കള വാതില്‍ തകര്‍ത്താവും അകത്തു കടക്കുക. മോഷണ ശ്രമങ്ങള്‍ക്കിടെ വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു കീഴ്പ്പെടുത്തതാണ് രീതി. വസ്ത്രധാരണത്തിലെ പ്രത്യേകതകൊണ്ട് ഇവരെ തിരിച്ചറിയാനും പാടാണ്.
തുടര്‍ച്ചയായി ആലപ്പുഴ മണ്ണഞ്ചേരിയിലാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്. മണ്ണഞ്ചേരിയില്‍ മൂന്ന് സ്ഥലങ്ങളില്‍ മോഷണവും രണ്ടിടങ്ങളില്‍ മോഷണ ശ്രമവും ഉണ്ടായി. കായംകുളത്തും കരിയിലകുളങ്ങര യിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മണ്ണഞ്ചേരിയില്‍ അജയകുമാറിന്റെയും കുഞ്ഞുമോന്റെയും വീട്ടില്‍ കുറുവാ സംഘം എത്തി മോഷണം നടത്തിയത് ഒരേ രീതിയില്‍. അടുക്കള വാതില്‍ തകര്‍ത്ത് കിടപ്പു മുറിക്കുള്ളില്‍ എത്തി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ മാല കവര്‍ന്നു.
അനക്കം കേട്ട് ഉച്ചവെക്കുമ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരിക്കും. കുറുവ സംഘത്തിന്റെ പിന്നാലെ പോകാനും പലരും ധൈര്യപ്പെടാറില്ല. സംഘത്തെ വലയിലാക്കാന്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു. സംഘത്തിന് വേണ്ടി വ്യാപാകമായ തിരച്ചില്‍ തുടരുകയാണ്. പകല്‍ സമയങ്ങളില്‍ വിവിധ ജോലികളും ആയി കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പുലര്‍കാലങ്ങളില്‍ പോലീസ് പെട്രോളിങ്ങും ശക്തമാക്കി.