പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കുവൈത്ത്

പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കുവൈത്ത്
പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത്: കുവൈത്തില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് ജാബര്‍ അസ്സബാഹ് അംഗീകാരം നല്‍കി. 13 മന്ത്രിമാര്‍ ഉള്‍കൊള്ളുന്ന മന്ത്രിസഭയാണ് കുവൈത്തില്‍ അധികാരമേല്‍ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കുവൈത്ത് അമീര്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരം ഇമാദ് അല്‍ അതിഖി, അന്‍വര്‍ അലി അല്‍ മുദാഫ്, അബ്ദുല്ല അലി അല്‍ യഹ്യ എന്നിവര്‍ യഥാക്രമം എണ്ണ, ധനകാര്യ, വിദേശകാര്യ മന്ത്രിമാരായി തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നതാണ് ഉത്തരവില്‍ പറയുന്നത്. അമീറിന്റെ അനന്തരവനാണ് ഷെയ്ഖ് അഹമ്മദ് അല്‍-സബാഹ്, നേരത്തെ ഏപ്രിലില്‍ പ്രധാനമന്ത്രിയായി നിയമിതനായിരുന്നു.

സര്‍ക്കാരും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും തമ്മില്‍ നിലനിന്ന ഭിന്നത കാരണമാണ് കുവൈത്ത് അമീര്‍ വെള്ളിയാഴ്ച അനിശ്ചിതകാലത്തേക്ക് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. പുതിയ നിയമ നിര്‍മ്മാണത്തിന്മേല്‍ അമീര്‍ അല്‍-സബയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്നതാണ് കുവൈത്തില്‍ നടപ്പിലാക്കിയ മാറ്റങ്ങള്‍ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അമീര്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സമാന സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ സ്വാധീനം കുവൈത്തിലെ നിയമനിര്‍മ്മാണ സഭയ്ക്ക് ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Top