കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ പ്രതീക്ഷകളിൽ മൂന്നാം റൗണ്ട് പോരാട്ടത്തിന് കുവൈത്ത്. വ്യാഴാഴ്ച ജോർഡനെതിരായ മത്സരത്തോടെ കുവൈത്ത് ഉൾപ്പെട്ട ഗ്രൂപ് ബി പോരാട്ടങ്ങൾക്ക് തുടക്കമാകും. ജോർഡനിലെ അമ്മാൻ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.
യു.എ.ഇയിൽ പരിശീലനം പൂർത്തിയാക്കിയ ടീം ജോർഡനിലെത്തി. പുതിയ കോച്ച് ജുവാൻ അന്റോണിയോ പിസിയുടെ നേതൃത്വത്തിൽ വിജയത്തോടെ മത്സരങ്ങൾക്ക് തുടക്കമിടാനാണ് കുവൈത്തിന്റെ ശ്രമം.
Also Read: കേരള ക്രിക്കറ്റ് ലീഗ്; രണ്ടാം ജയം സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്
ഗ്രൂപ് ബിയിൽ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, പലസ്തീൻ എന്നീ രാജ്യങ്ങളാണ് മൂന്നാം റൗണ്ടിൽ കുവൈത്തിനൊപ്പമുള്ളത്. സെപ്റ്റംബർ 10ന് ഇറാഖിനെതിരാണ് കുവൈത്തിന്റെ അടുത്ത മത്സരം. ഒക്ടോബറിൽ ഇറാഖുമായും ഒമാനുമായും പലസ്തീനുമായും കുവൈത്ത് ഏറ്റുമുട്ടും.
നവംബറിൽ ദക്ഷിണ കൊറിയ, ജോർഡൻ എന്നിവയുമായും മത്സരമുണ്ട്. 2025 മാർച്ചിൽ ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങളുമായും ജൂണിൽ പലസ്തീൻ, ദക്ഷിണ കൊറിയ എന്നിവയുമായും ഏറ്റുമുട്ടും.