കുവൈത്ത് സിറ്റി: ഒരു രാജ്യത്തിന്‍റെയും പൗരത്വമില്ലാതെ കുവൈത്തില്‍ കഴിയുന്ന ബിദൂന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അനുവദിച്ച പ്രത്യേക പാസ്പോര്‍ട്ടുകള്‍ റദ്ദാക്കുന്നു. ചികിത്സയ്ക്കും പഠന ആവശ്യങ്ങള്‍ക്കും ഒഴികെയുള്ള മറ്റ് ഇടപാടുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ബിദൂനുകളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാണ് നിര്‍ദേശം.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അല്‍ സ്ബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. യാത്രകൾ എളുപ്പമാക്കാനാണ് ബിദൂനുകള്‍ക്ക് പ്രത്യേക പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. കുവൈത്ത് പാസ്‌പോര്‍ട്ടിന്റെ അതേ സവിശേഷതകളും അവകാശങ്ങളും 17-ാം വകുപ്പ് പ്രകാരം ബിദൂനുകള്‍ക്ക് അനുവദിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ ലഭിക്കില്ല.
ചികിത്സ, പഠന ആവശ്യങ്ങള്‍ക്ക് പ്രത്യേക പാസ്‌പോര്‍ട്ട് ആവശ്യമുള്ള ബിദൂന്‍ വിഭാഗക്കാര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഓണ്‍ലൈനായി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടി അല്‍അദാന്‍ സെന്ററിനെ സമീപിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
17-ാം വകുപ്പ് പ്രകാരം അനുവദിച്ച മുഴുവന്‍ പാസ്‌പോര്‍ട്ടുകളും റദ്ദാക്കപ്പെട്ടതായി കണക്കാക്കുമെന്നും കൂടുതല്‍ പഠനത്തിനും സൂക്ഷ്മ പരിശോധനക്കും വേണ്ടിയാണ് ബിദൂനുകളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുന്നതെന്നും കുവൈത്ത് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.