തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം രവിപിളളയും നല്‍കും. ഇവര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.
നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെത് ഉള്‍പ്പടെ, ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്തിലെ ദുരന്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക സിഇഒ അജിത് കോളശേരി പറഞ്ഞു.
കുവൈത്തിലെ നോര്‍ക്ക ഡെസ്‌കില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും 19 പേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനമുണ്ടായത്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു.