കുവൈറ്റ് സിറ്റി: മംഗഫ് ലേബര്‍ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം മൂലമെന്ന് സ്ഥിരീകരിച്ച് കുവൈത്ത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ സേന വ്യക്തമാക്കി. വെള്ളിയാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 50 ആയി ഉയര്‍ന്നു.
ദുരന്തസ്ഥലത്തു വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്നിശമന സേന വ്യക്തമാക്കി. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ലാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ ഇടയാക്കിയതായി ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതു വലിയ തോതില്‍ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകള്‍നിലയിലേക്കു പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ സംഭവസമയത്ത് 176 പേര്‍ ക്യാംപിലുണ്ടായിരുന്നു.
കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ കുഴഞ്ഞുവീണതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണു നിഗമനം. പുലര്‍ച്ചെ നാലരയോടെ തീ പടരുമ്പോള്‍ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വര്‍ധിപ്പിച്ചത്.