കുവൈത്ത് ദുരന്തം; നാല് മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

കുവൈത്ത് ദുരന്തം; നാല് മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി
കുവൈത്ത് ദുരന്തം; നാല് മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

കോട്ടയം: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച നാലു മലയാളിൾക്ക് കൂടി നാടിൻറെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം സംസ്കരിച്ചു. മുബൈയിൽ സ്ഥിരതാമസമാക്കിയ കരുനാഗപ്പള്ളി സ്വദേശി ഡെന്നി കരുണാകരൻറെ സംസ്കാരവും ഇന്ന് നടന്നു.

കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്കാരം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ നടന്നു. തുരുത്തി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ എഴരയോടെയാണ് വീട്ടിലെത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി ആളുകളാണ് അവസാനമായി ശ്രീഹരിയെ കാണാൻ വീട്ടിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ.മാണി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ വി. വിഘ്നേശ്വരി തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.

കോട്ടയം പായിപ്പാട് സ്വദേശി ഷിബു വർഗീസിൻറെ സംസ്കാരം ഉച്ചയ്ക്കുശേഷം പായിപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് രാവിലെ എട്ട് മണിക്കാണ് വീട്ടിലെത്തിച്ചത്. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീട്ടിലിലെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. നിരവധി പേരാണ് അന്തിമോപാചരമർപ്പിക്കാൻ എത്തിയത്. വീട്ടിലെ പൊതുദർശനത്തിനുശേഷം സംസ്കാര ശുശ്രൂഷകൾക്കായി മൃതദേഹം പായിപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്റെ സംസക്കാരം നാളെ നടക്കും.

Top