കുവൈറ്റ് തീപിടിത്തം; രണ്ടു കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൂടി കൈമാറി

കുവൈറ്റ് തീപിടിത്തം; രണ്ടു കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൂടി കൈമാറി
കുവൈറ്റ് തീപിടിത്തം; രണ്ടു കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൂടി കൈമാറി

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച തൃശ്ശൂര്‍, ആലപ്പുഴ സ്വദേശികളായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുള്‍പ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോര്‍ക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നല്‍കിയത്.

തൃശ്ശൂരില്‍ ബിനോയ് തോമസിന്റെ കുടുംബത്തിന് റവന്യൂ മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു എന്നിവര്‍ ചേര്‍ന്നും, ആലപ്പുഴയില്‍ മാത്യു തോമസിന്റെ ആശ്രിതര്‍ക്ക് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാനും വീടുകളിലെത്തിയാണ് ധനസഹായം കൈമാറിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹന്‍, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയിന്‍ ജിനു ജേക്കബ്, പഞ്ചായത്ത് അംഗം ജോസ് വി ജോണ്‍, മറ്റ് ജനപ്രതിനിധികള്‍, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ആലപ്പുഴ ഡെപ്പ്യൂട്ടി കലക്ടര്‍ ജിനു പൊന്നൂസ്, ഡെപ്പ്യൂട്ടി തഹദില്‍ദാര്‍ കിഷോര്‍ ഖാന്‍.എം.എ, വില്ലേജ് ഓഫീസര്‍ ശ്രീരേഖ, നോര്‍ക്ക റൂട്ട്‌സ് ജീവനക്കാരായ ബി. പ്രവീണ്‍. ഷീബ ഷാജി എന്നിവരും ജില്ലകളില്‍ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ 18 പേരുടെ കുടുംബംങ്ങള്‍ക്കുളള സഹായധനം കൈമാറി.

Top