കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം നേരിടുന്ന ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷ്യ സഹായവുമായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി (കെ.ആർ.സി.എസ്). ഗസ്സയിലേക്ക് 40 ടൺ മാവ് എത്തിക്കുമെന്ന് കെ.ആർ.സി.എസ് അറിയിച്ചു. ജോർഡൻ നാഷനൽ റെഡ് ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സയർ പറഞ്ഞു.
ഫലസ്തീനിലെ കുട്ടികളും പ്രായമായവരും ഭക്ഷണത്തിൻറെ അഭാവം മൂലം മരണത്തെ അഭിമുഖീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ ദുരിതം തുടരുന്ന സാഹചര്യത്തിൽ ഫലസ്തീനികളെ സഹായിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശ ആക്രമണത്തിൻറെ തുടക്കം മുതൽ കുവൈത്ത് ഗസ്സയിലേക്ക് ടൺ കണക്കിന് മാനുഷിക സഹായങ്ങളും ഡസൻ കണക്കിന് ആംബുലൻസ് വാഹനങ്ങളും അയച്ചിരുന്നു.