കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കുന്നതിനായി യു.എൻ അഭയാർഥി ഹൈകമീഷണറുമായി ഒപ്പുവെച്ച് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി). രണ്ട് ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്.
ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥികളുടെ ജീവിതം, സുരക്ഷ, ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഫണ്ടിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹാർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഏകദേശം 18,000 കുടുംബങ്ങൾക്ക് വീടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള അവശ്യ നിർമാണ സാമഗ്രികളും പാചകത്തിന് ദ്രവീകൃത പെട്രോളിയം വാതകവും നൽകും.
Also Read: ദശലക്ഷക്കണക്കിന് പലസ്തീനികൾക്ക് സഹായമായി യു.എൻ.ആർ.ഡബ്ല്യു.എ
12 മാസത്തിനകം ഏകദേശം 140,000 വ്യക്തികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കെ.എഫ്.എ.ഇ.ഡിയും യു.എൻ.എച്ച്സി.ആറും തമ്മിലുള്ള ആറാമത്തേതും ബംഗ്ലാദേശിലെ റോഹിങ്ക്യകളെ പിന്തുണക്കുന്ന ആദ്യത്തേതുമാണ് ഈ സംരംഭം.
2016 മുതൽ യു.എൻ.എച്ച്സി.ആറിന് ഏകദേശം 22 മില്യൺ യു.എസ് ഡോളർ ഗ്രാന്റുകൾ നൽകിയതായും വലീദ് അൽ ബഹാർ പറഞ്ഞു. ലോകമെമ്പാടുമുള്ള അഭയാർഥികളെ പിന്തുണക്കുന്ന കുവൈത്തിനും കെ.എഫ്.എ.ഇ.ഡി കുവൈത്തിലെ യു.എൻ.എച്ച്സി.ആർ പ്രതിനിധി നിസ്രീൻ റാബിയാൻ നന്ദി അറിയിച്ചു.