കുവൈത്ത്: 40 ടൺ വിവിധ സഹായസാമഗ്രികൾ വഹിച്ചുള്ള കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്)യുടെ കുവൈത്തിൽനിന്നുള്ള വിമാനം തിങ്കളാഴ്ച ലബനാനിലെത്തി. ഇസ്രയേൽ ആക്രമണം കനപ്പിച്ചതു മുതൽ കുവൈത്ത് അയക്കുന്ന നാലാമത് സഹായ വിമാനമാണിത്.
ഭക്ഷണവും മരുന്നും അടിയന്തരമായി ആവശ്യമുള്ള ഘട്ടത്തിൽ ലബനാൻ ജനതയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രതിഫലനമാണ് സഹായ വിമാനങ്ങളെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് ചെയർമാൻ അംബാസഡർ ഖാലിദ് അൽ മഖാമിസ് പറഞ്ഞു. കെ.ആർ.സി.എസ് ലബനാനിലെ മാനുഷിക സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരുകയാണെന്നും നിലവിലെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ്, വിദേശകാര്യ മന്ത്രാലയം, സാമൂഹികകാര്യ മന്ത്രാലയം, സഹായദാതാക്കൾ എന്നിവരോട് അൽ മഖാമിസ് നന്ദിയും അഭിനന്ദനവും അറിയിച്ചു.