ലണ്ടൻ: ബ്രിട്ടനിലെ മന്ത്രിമാർക്ക് ഇനി മുതൽ തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും കൃത്യമായി രേഖപ്പെടുത്തണം. പാരിതോഷികങ്ങൾ സ്വീകരിച്ചാൽ അവയുടെ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ലേബർ സർക്കാർ ശക്തമാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച നിയമങ്ങളിൽ ഉടൻ പരിഷ്ക്കരണം കൊണ്ടുവരും. ലഭിക്കുന്ന സമ്മാനങ്ങളുടെ കൃത്യമായ കണക്കുകൾ എം പി റജിസ്റ്ററിലും രേഖപ്പെടുത്തുവാൻ ഇനി മുതൽ മന്ത്രിമാർ നിർബന്ധിതരാകും.
ലേബർ പാർട്ടി നേതാക്കൾക്ക് സ്ഥിരമായി പാരിതോഷികങ്ങൾ നൽകുന്ന ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനും മറ്റ് ഉന്നത മന്ത്രിമാർക്കും ലഭിച്ച സമ്മാനങ്ങൾ വലിയ എതിർപ്പുകളാണ് രാജ്യത്തുണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബർ പാർട്ടി അംഗമായ റോസി ഡഫീൽഡ് എം പി നാടകീയ നീക്കത്തിലൂടെ പാർട്ടിയിൽ നിന്നും രാജി വെച്ചതായി അറിയിച്ചിരുന്നു. തുടർന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
Also Read: കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ; ലെബനാനിൽ 105 പേർ കൊല്ലപ്പെട്ടു
പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് പകരം അധികാരത്തിലും അത്യാഗ്രഹത്തിലും കൂടുതൽ ശ്രദ്ധാലുക്കളാണ് പ്രധാനമന്ത്രിയും സംഘവുമെന്ന് എതിർ പക്ഷം ആരോപിച്ചു. സർക്കാരിന് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിമാരും പ്രതിപക്ഷ പ്രതിനിധികളായ ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തിൽ നിയമങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എംപിമാർ നിലവിൽ അവരുടെ പാർലമെന്ററി അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാൽ 28 ദിവസത്തിനുള്ളിൽ നൽകിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം അനുശാസിക്കുന്നത്.