കൊട്ടാരക്കര: താലൂക്ക് ഓഫീസില്‍ സര്‍വെയര്‍മാരില്ലാത്തത് പ്രതിസന്ധിയാകുന്നു. 27 വില്ലേജുകളിലെ ആകെ സര്‍വേ പരാതികള്‍ പരിഹരിക്കാനുള്ളത് ഒരു ഹെഡ് സര്‍വെയറും രണ്ടു സര്‍വെയറും മാത്രം. 10 സ്ഥിരം സര്‍വെയര്‍മാര്‍ വേണ്ടിടത്താണ് മൂന്നുപേര്‍ മാത്രമുള്ളത്. മൂവായിരത്തിലധികം സര്‍വെ അപേക്ഷകളാണ് താലൂക്കില്‍ നടപടികാത്ത് കെട്ടിക്കിടക്കുന്നത്. പുതിയ അപേക്ഷകള്‍ എത്തുകയും ചെയ്യുന്നുണ്ട്. ഭൂമി അളക്കല്‍ സംബന്ധിച്ച് നവകേരള സദസ്സില്‍ നല്‍കിയ പരാതികള്‍ പോലും തീര്‍പ്പായിട്ടില്ല. ഡിജിറ്റല്‍ സർവെകള്‍ക്കായി സര്‍വെയര്‍മാരെ നിയോഗിച്ചതാണ് താലൂക്കില്‍ സര്‍വെയര്‍മാര്‍ കുറയാന്‍ കാരണമായത്. അഞ്ചു സര്‍വെയര്‍മാര്‍ മുമ്പ് താലൂക്ക് ഓഫീസില്‍ ഉണ്ടായിരുന്നു. ഉദ്യോഗ കയറ്റം ലഭിച്ച സ്ഥിരം സര്‍വെയര്‍മാരില്‍ ഒരാള്‍ക്ക് പകരം നിയമനമുണ്ടായില്ല. വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ നിയമിതരായിരുന്നവരെ അഡീഷനല്‍ ഡയറക്ടറേറ്റുകളിലേക്ക് തിരികെ വിളിച്ചു.
ഡിജിറ്റല്‍ സര്‍വെക്കും സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സര്‍വെകള്‍ക്കും ഇവരെ നിയോഗിച്ചു. ചുരുക്കത്തില്‍ സര്‍വെ സംബന്ധമായ അപേക്ഷ നല്‍കുന്നവര്‍ ഏറെ നാള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. താലൂക്കിലെ സര്‍വെ ജോലികള്‍ക്ക് ഐ.ടി വിദ്യാര്‍ഥികളുടെ സേവനം ലഭ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ മുമ്പ് ആവശ്യമുയര്‍ന്നിരുന്നു. വിവാദമാകുന്ന ഭൂമി ഇടപാടുകളിലും കോടതിയിലുള്ള ഭൂമി വ്യവഹാരങ്ങളിലും വേഗത്തില്‍ സര്‍വെ നടത്തേണ്ടിവരുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഉദ്യോഗസ്ഥര്‍ അതിനായി പോകുമ്പോള്‍ തീര്‍പ്പാകാതിരിക്കുന്നത് സാധാരണക്കാരുടെ അപേക്ഷകളാണ്. പുലമണ്‍ തോട് നവീകരണം പോലെയുള്ള പൊതു പദ്ധതികളിലും സര്‍വെ ജോലി അനിവാര്യമാണ്. അശാസ്ത്രീയവും അടിക്കടിയുമുണ്ടാകുന്ന സ്ഥലം മാറ്റങ്ങള്‍ സര്‍വെ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.