ആരാധകർ കാത്തിരിക്കുന്ന നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ ‘രാക്കായീ’ യുടെ ടീസർ പുറത്തിറങ്ങി. സെന്തില്‍ നല്ലസാമിയാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. നടിയുടെ 40-ാം പിറന്നാള്‍ ദിനത്തിലാണ് ‘രാക്കായീ’യുടെ ടീസര്‍ എത്തിയിരിക്കുന്നത്. ടീസറിന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്.
വളരെ ബോൾഡ് ആയുള്ള കടും ചുവപ്പ് സാരിയുടുത്ത് കൈയില്‍ കത്തിയും വടിയുമായി അക്രമകാരികളുടെ വലിയ സംഘത്തെ ഒറ്റയ്ക്ക് നേരിടുന്ന ഒരു കഥാപാത്രമായാണ് നയന്‍താര ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ടീസറില്‍ നടിയുടെ ആക്ഷൻ രംഗങ്ങൾ ഇപ്പോൾ തന്നെ വൈറലായിട്ടുണ്ട്.
Also Read : ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് 40ാം പിറന്നാൾ
‘എ വാര് ഓണ്‍ ബീസ്റ്റ്സ്’ എന്ന അടിക്കുറിപ്പോടെയാണ് നയന്‍താര പോസ്റ്റര്‍ പങ്കുവെച്ചത്. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ‘ഷീ ഡിക്ലെയര്‍സ് വാര്’ എന്ന വരിയോടെയുള്ള ടീസര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തന്റെ കൈകളില്‍ തീപ്പന്തവുമായെത്തുന്ന ജനക്കൂട്ടത്തിന് മുന്നിൽ നിൽക്കുന്ന നയന്‍താരയുടെ ടൈറ്റിൽ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രം അവതരിപ്പിക്കുന്നത് ഡ്രംസ്റ്റിക്സ് പ്രൊഡക്ഷന്‍സും മൂവിവേഴ്സ് സ്റ്റുഡിയോസുമാണ്.