CMDRF

ലക്ഷദ്വീപിലേക്ക് മദ്യമെത്തിക്കാൻ ബെവ്കോ

മദ്യ നിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു

ലക്ഷദ്വീപിലേക്ക് മദ്യമെത്തിക്കാൻ  ബെവ്കോ
ലക്ഷദ്വീപിലേക്ക് മദ്യമെത്തിക്കാൻ  ബെവ്കോ

കവരത്തി: ലക്ഷദ്വീപിലേക്ക് മദ്യം എത്തിക്കാനൊരുങ്ങി സർക്കാർ. ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലേക്കാണ് മദ്യമെത്തിക്കുക. ലക്ഷദ്വീപ് പ്രൊമോഷണൽ കൗൺസിലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. ഇന്ത്യൻ നിർമിത വിദേശ മദ്യം , ബിയർ എന്നിവ വാങ്ങുന്നതിനും വിൽക്കുന്നതിനും സർക്കാർ ചുമതലപ്പെടുത്തിയ ബെവ്കോ ആണ് ലക്ഷദ്വീപിലേക്ക് മദ്യമെത്തിക്കുക. പൂർണമായും കേരളസർക്കാർ ഉടമസ്ഥതയിലുള്ള സർക്കാർ കമ്പനിയാണ് ബെവ്കോ.

കൊച്ചിയിൽ നിന്ന് കപ്പൽ മാർഗമായിരിക്കും മദ്യം കടൽ കടക്കുന്നത്. നേരത്തെ ലക്ഷദ്വീപില്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ പറ്റി പഠിച്ച എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നല്‍കാമെന്ന് കേരളം സമ്മതിച്ചത്.

Also Read: തെളിനീര് തേടി.. തലസ്ഥാനത്ത് കുടിവെള്ളം എത്തിത്തുടങ്ങി

ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതിയുള്ളത്. ലക്ഷദ്വീപിലെ മദ്യനിരോധനം ഘട്ടം ഘട്ടമായി എടുത്തു കളയാനാണ് അഡ്മിനിസ്ട്രേറ്ററുടെ നീക്കം. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം ലക്ഷദ്വീപിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ നികുതി വകുപ്പ് പ്രത്യേക ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

മദ്യ നിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തുകയായിരുന്നു. ബിൽ നിലവിൽ വരുന്നതോടെ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും.

Also Read: കുഞ്ഞിനെ ഉപേക്ഷിച്ചതാര്? മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമെന്ന് ഡോക്ടർമാർ

കർശനമായ മദ്യനിരോധനമുള്ള ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കുമാത്രമാണ് നിലവിൽ നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നത്. ഇത് കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ 2021ൽ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധം കാരണം നടന്നിരുന്നില്ല. എന്നാലിപ്പോൾ ദ്വീപിലെ എല്ലായിടത്തും മദ്യം എത്തിക്കാനാണ് ശ്രമിക്കുന്നത്.

മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്ത് നൽകി. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്. അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കോ നേരിട്ടൊരു മദ്യവിൽപ്പനക്ക് അനുമതിയില്ല.

Also Read: തലസ്ഥാനത്തിന് തെളിനീർ! കുടിവെള്ള പ്രശ്നം പരിഹരിച്ചതായി തിരുവനന്തപുരം മേയർ

അതിനാൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടു. എക്സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച സർക്കാർ, ഒറ്റത്തവണയായി ലക്ഷദ്വീപിലേക്ക് മദ്യവിൽപ്പന നടത്താൻ ബെവ്ക്കോയ്ക്ക് അനുമതി നൽകുകയായിരുന്നു.

ലക്ഷദ്വീപ് ഭരണകൂടം ഏതൊക്കെ ബ്രാൻഡ് വേണം, എത്ര രൂപക്ക് മദ്യം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷ ബെവ്കോയ്ക്ക് നൽകണം. ഇതുകൂടാതെ മദ്യം അതിർത്തി കടത്തികൊണ്ടുപോകാൻ എക്സൈസിന്‍റെ പ്രത്യേക അനുമതിയും വേണം. ഇതെല്ലം പൂർത്തിയായാൽ കൊച്ചിയിലെയും കോഴിക്കോടിലെയും വെയർ ഹൗസുകളിൽ നിന്ന് മദ്യം ലക്ഷദ്വീപിലേക്കെത്തുന്നതാണ്.

Top