പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ പ്രീക്വാര്‍ട്ടറില്‍. ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് സെന്നിന്റെ വിജയം. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യ സെന്‍ മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍ 21-18, 21-12.
ഏകപക്ഷീയ ഗെയിമുകള്‍ക്ക് വിജയിച്ചെങ്കിലും ലക്ഷ്യ സെന്നിന് ഇന്തോനേഷ്യന്‍ താരം ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ആദ്യ ഗെയിമിലും ഇരുതാരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. മത്സരത്തിന്റെ തുടക്കത്തില്‍ ക്രിസ്റ്റിയായിരുന്നു മുന്നേറ്റം നടത്തിയത്. ഒരു ഘട്ടത്തില്‍ താരം 0-4ന് ഇന്ത്യന്‍ താരത്തിനെ പിന്നിലാക്കി. എന്നാല്‍ തൊട്ടുപിന്നാലെ പൊരുതിക്കയറിയ ലക്ഷ്യ ഇന്തോനേഷ്യന്‍ താരത്തിന് ഒപ്പമെത്തുകയായിരുന്നു. ഒടുവില്‍ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ സെന്‍ ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ഇന്തോനേഷ്യന്‍ താരത്തെ വ്യക്തമായി പിന്നിലാക്കാന്‍ ലക്ഷ്യ സെന്നിന് കഴിഞ്ഞു. വ്യക്തമായ ലീഡോടെ രണ്ടാം ഗെയിം നേടിയ ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടറിന് യോഗ്യത നേടി. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-5, 21-10.