ഹുറാകാന്റെ പകരക്കാരനായി കൂടുതല്‍ കരുത്തുള്ള ടെമെരാരിയോ സൂപ്പര്‍കാർ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. മോണ്ടെറി കാര്‍ വീക്കിലാണ് ലംബോര്‍ഗിനി ഈ വാഹനം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. പരമ്പരാഗത ലംബോര്‍ഗിനി കാറുകളുടെ മാതൃകയിലാണ് ടെമെരാരിയോയുടെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം, കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ റുവോള്‍ട്ടോയുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. അതേസമയം, നിരവധി സവിശേഷതകളോടെയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.
ഗല്ലാര്‍ഡോ, ഹുറാകാന്‍ എന്നീ വാഹനങ്ങളില്‍ നിന്നും കടംകൊണ്ട ഡിസൈനിലാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. നേര്‍ത്ത സെപ്റ്റ്-ബാക്ക് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ബമ്പറിലായി ഹെക്‌സഗണല്‍ ഷേപ്പില്‍ ഡി.ആര്‍.എല്‍. ലൈറ്റും നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഫ്രണ്ട് സ്പ്ലിറ്റര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഷാര്‍പ്പ് ബമ്പറുമാണ് ഈ വാഹനത്തിന്റെ മുന്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്. ബോണറ്റ് ഹുറാകാനില്‍ നിന്നുള്ളതാണ്.
വാഹനത്തിന് ചുറ്റിലുമായി ഹെക്‌സഗണല്‍ ഷേപ്പിന് പ്രധാന്യം നല്‍കിയുള്ള ഡിസൈനുകള്‍ കാണാന്‍ സാധിക്കും. എയര്‍ ഇന്‍ടേക്, വിങ് മിറര്‍, ടെയ്ല്‍ലൈറ്റ്, റിയര്‍ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ്, അലോയി വീല്‍ ഡിസൈന്‍ എന്നിവയിലെല്ലാം ഹെ
ക്‌സഗണല്‍ ഡിസൈന്‍ കാണാന്‍ കഴിയും. എന്‍ജിന്‍ ഏരിയയിലേക്ക് എയര്‍ എടുക്കുന്നതിനുള്ള വെന്റുകള്‍ നല്‍കിയാണ് വശങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 21, 21 ഇഞ്ച് വലിപ്പത്തിലുള്ള വീലുകളും ടെമെരാരിയോയില്‍ നല്‍കുന്നുണ്ട്.
ലംബോര്‍ഗിനിയുടെ ഫൈറ്റര്‍ ജെറ്റ് തീമിലാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. റുവോള്‍ട്ടുയടെ അകത്തളവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഡിസൈന്‍. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള വെര്‍ട്ടിക്കിള്‍ 8.4 ഇഞ്ച് സ്‌ക്രീന്‍, പാസഞ്ചര്‍ സൈഡിലുള്ള 9.1 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഡ്രൈവ് സെലക്ടര്‍ ഉള്‍പ്പെടെയുള്ള സ്വിച്ചുകള്‍ സെന്റര്‍ കണ്‍സോളിലാണ്. ഹീറ്റഡ് വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റുകളാണ് ഇതിലുള്ളത്.