മൂന്നാറിലെ ഭൂമി കയ്യേറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്നും വീഴ്ച കണ്ടെത്താൻ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.നേരത്തെ നൽകിയ ഉത്തരവ് നടപ്പാക്കാത്തതിന് പിന്നിൽ ഉന്നതബന്ധങ്ങളുണ്ടോയെന്ന ചോദ്യവും ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു. ഇക്കാര്യത്തിൽ നാളെ ഉച്ചക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഓൺലൈനിൽ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചാണ് കടുത്ത അതൃപ്തി വ്യക്തമാക്കി വീഴ്ചയിൽ സിബിഐ അന്വേഷണത്തിന്‍റെ സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്.
കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന പ്രദേശത്ത് ഭൂരേഖകളുടെ പരിശോധന നടക്കാത്തത് ഉന്നതരെ സഹായിക്കാനാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ മൂന്നാർ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. അട്ടിമറിയുടെ കാരണം കണ്ടെത്താൻ സിബിഐ ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ചിന്‍റെ മുന്നറിയിപ്പ് നല്‍കി.റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടിയിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നാളെ ഉച്ചക്ക് 1.45 ന് തന്നെ ഉദ്യോഗസ്ഥനോട് ഓൺലൈനായി ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടത്.