CMDRF

ഹേമന്ത് സോറനെതിരായ ഭൂമി കുംഭകോണ കേസ്: റഫ്രിജറേറ്റർ, സ്മാർട് ടിവി ബിൽ തെളിവാക്കി ഇ.ഡി

ഹേമന്ത് സോറനെതിരായ ഭൂമി കുംഭകോണ കേസ്: റഫ്രിജറേറ്റർ, സ്മാർട് ടിവി ബിൽ തെളിവാക്കി ഇ.ഡി
ഹേമന്ത് സോറനെതിരായ ഭൂമി കുംഭകോണ കേസ്: റഫ്രിജറേറ്റർ, സ്മാർട് ടിവി ബിൽ തെളിവാക്കി ഇ.ഡി

ന്യൂഡൽഹി∙ ഭൂമി കുംഭകോണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്ത ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയുള്ള തെളിവുകളിൽ റഫ്രിജറേറ്ററിന്റെയും സ്മാർട്ട് ടിവിയുടെയും ബില്ലുകൾ. റാഞ്ചിയിലെ രണ്ടു വിതരണക്കാരിൽ നിന്നാണ് ഈ ബില്ലുകൾ ഏജൻസി ശേഖരിച്ചത്. സോറനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ തെളിവുകൾ ചേർത്തിട്ടുണ്ടെന്നാണ് വിവരം.

ഭൂമി കുംഭകോണ കേസിൽ മാർച്ച് 31നാണ് ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്യുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അദ്ദേഹം. റഫ്രിജറേറ്ററും സ്മാർട് ടിവിയും സന്തോഷ് മുണ്ട എന്നയാളുടെ കുടുംബാംഗങ്ങളുടെ പേരിലാണ് വാങ്ങിയിരിക്കുന്നത്. ഹേമന്ത് സോറൻ നിയമവിരുദ്ധമായി കൈക്കലാക്കി എന്നുപറയുന്ന 8.86 ഏക്കർ ഭൂമി കഴിഞ്ഞ 14–15 വർഷമായി നോക്കിനടത്തുന്നത് താനാണെന്ന് സന്തോഷ് മുണ്ട ഇ.ഡി ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. സോറനും ഭാര്യയും രണ്ടുമൂന്നുതവണ ഇവിടം സന്ദർശിച്ചതായും സന്തോഷ് മുണ്ട അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഭൂമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന സോറന്റെ വാദത്തെ പ്രതിരോധിക്കുന്നതാണ് സന്തോഷിന്റെ മൊഴി. ഇതിനിടെ രാജ്കുമാർ പഹൻ എന്നയാൾ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. രാജ്കുമാർ, സോറന്റെ പ്രതിനിധിയാണെന്നും സോറനെ കേസിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇയാൾ അവകാശവാദം ഉന്നയിക്കുന്നതെന്നുമാണ് ഇ.ഡിയുടെ വാദം.

സന്തോഷിന്റെ മകന്റെയും മകളുടെയും പേരിലാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. ഇത് രണ്ടും വിവാദ ഭൂമിയുടെ അഡ്രസിലാണ് വാങ്ങിയിട്ടുള്ളത്. ഇതോടെ രാജ്കുമാറിന്റെ വാദത്തിന് പ്രസക്തിയില്ലെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. സോറൻ കൈക്കലാക്കി എന്നുപറയുന്നത് കൈമാറ്റം ചെയ്യാനോ വിൽക്കാനോ സാധ്യമല്ലാത്ത ആദിവാസി ശ്രേണിയിൽ വരുന്ന ഭൂമിയാണ്. ഇത് നിയമവിരുദ്ധമായി കൈക്കലാക്കുകയായിരുന്നു എന്നാണ് കേസ്. 

Top