ഇറ്റാനഗര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ജില്ലകളില്‍ വന്‍ മണ്ണിടിച്ചില്‍. ദേശീയപാത 33-ല്‍ ഹുന്‍ലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയപാത തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ദേശീയപാത തകര്‍ന്നതോടെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ദിബാംഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
നിലവില്‍ ദിബാംഗ് താഴ്വരയില്‍ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹുന്‍ലിക്കും അനിനിക്കുമിടയില്‍ ദേശീയപാതയില്‍ വ്യാപകമായ നാശനഷ്ടമുണ്ടായതായി അരുണാചല്‍ മുഖ്യമന്ത്രി പെമാ ഖണ്ഡു അറിയിച്ചു. ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.