പോര്‍ട്ട് മൊറെസ്ബി: ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായ പാപുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിലില്‍ ഏകദേശം രണ്ടായിരത്തോളം പേര്‍ മരിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ട്. പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റര്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്‍ഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുന്‍ഗ്ലോ പര്‍വത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഒട്ടേറെ കെട്ടിടങ്ങളും വയലുകളും ഇല്ലാതായെന്നും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ദുരന്തം ബാധിച്ചെന്നും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. നാലു ദിവസം പിന്നിട്ടെങ്കിലും ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും ഭീഷണിയുയര്‍ത്തുന്നുണ്ട്.
ഇതുവരെ ആയിരത്തോളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് പുറത്ത് വരുന്ന കണക്കുകള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മറ്റു രാജ്യങ്ങളുടെ സൈനികസഹായമുള്‍പ്പെടെ ആവശ്യമുണ്ടെന്നും പാപുവ ന്യൂഗിനി യുഎന്നിനെ അറിയിച്ചു.