ലാവോസ് വിഷമദ്യം; ആറാമത്തെ വിനോദ സഞ്ചാരിയും മരിച്ചു

ആസ്‌ട്രേലിയൻ കൗമാരക്കാർ താമസിച്ചിരുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസവും 100 ഓളം അതിഥികൾക്ക് സൗജന്യമായി മദ്യം നൽകിയതായി റിപ്പോർട്ടുണ്ട്

ലാവോസ് വിഷമദ്യം; ആറാമത്തെ വിനോദ സഞ്ചാരിയും മരിച്ചു
ലാവോസ് വിഷമദ്യം; ആറാമത്തെ വിനോദ സഞ്ചാരിയും മരിച്ചു

ലാവോസ്: വിഷമദ്യം കഴിച്ച രണ്ടാമത്തെ ആസ്ട്രേലിയൻ പെൺകുട്ടിയും മരിച്ചതോടെ ലാവോസിൽ വിഷ മദ്യം കഴിച്ച് മരിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ആറായി. 19കാരിയായ ഹോളി ബൗൾസി​ന്‍റെ കുടുംബം തകർന്ന ഹൃദയങ്ങളോടെയാണ് ബൗൾസി​ന്‍റെ മരണം സ്ഥിരീകരിച്ചത്.

പെൺകുട്ടിയുടെ സുഹൃത്ത് ബിയാങ്ക ജോൺസ്(19), ലണ്ടനിൽ നിന്നുള്ള അഭിഭാഷകൻ സിമോൺ വൈറ്റ് (28) എന്നിവരുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. ടൂറിസ്റ്റ് പട്ടണമായ വാങ് വിയാങിൽ ഒരാഴ്ചയിലേറെയായി രോഗബാധിതയായിരുന്നു ഹോളി ബൗൾസ്. ബൂട്ട്‌ലെഗ് മദ്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിഷബാധക്ക് ഇരയായവരിൽ പേരു വെളിപ്പെടുത്താത്ത ഒരു അമേരിക്കൻ പുരുഷനും 19 ഉം 20 ഉം വയസ്സുള്ള രണ്ട് ഡാനിഷ് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. അതേസമയം ഹോളി ബൗൾസി​ന്‍റെ ദാരുണമായ വിയോഗത്തിൽ എല്ലാ ആസ്‌ട്രേലിയക്കാരും വേദനിക്കുന്നുവെന്ന് ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു.

Also Read:ഇന്ത്യയിലേക്കുള്ള വിമാന യാത്രികരുടെ അധിക സുരക്ഷാ നടപടികൾ പിൻവലിച്ച് കാനഡ

മരിച്ച വിനോദസഞ്ചാരികൾ മെഥനോൾ ചേർത്ത മദ്യം കഴിച്ചിരിക്കാമെന്ന വാർത്താ റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ബൂട്ട്‌ലെഗ് മദ്യത്തിൽ പലപ്പോഴും കാണപ്പെടുന്ന മാരകമായ പദാർതഥമാണ് മെഥനോൾ. ആസ്‌ട്രേലിയൻ കൗമാരക്കാർ താമസിച്ചിരുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസവും 100 ഓളം അതിഥികൾക്ക് സൗജന്യമായി മദ്യം നൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ മറ്റാർക്കും ഇത്തരത്തിൽ അസുഖം വന്നിട്ടില്ലെന്ന് ഹോട്ടൽ മാനേജർ പ്രതികരിച്ചു. ഹോട്ടൽ മാനേജറെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം വിഷം ഉള്ളിൽചെന്ന് രോഗം ബാധിച്ചവരോ മരിച്ചവരോ ആയി എത്രപേരുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല.

Top